കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. വൃക്കരോഗിയായ വീട്ടമ്മയുടെ കൈയിലെ രക്തക്കുഴലിലുണ്ടായിരുന്ന ബ്ലോക്ക് നീക്കിയപ്പോള്‍ ഇടതുകൈ നീര് വന്ന് വീങ്ങിയെന്നാണ് പരാതി. മലപ്പുറം അരീക്കോട് സ്വദേശിനിയായ ബദ്റുന്നീസയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഒന്നരവര്‍ഷം മുമ്പാണ് ബദ്റുന്നീസയ്ക്ക് വൃക്കരോഗം കണ്ടെത്തിയത്. അന്ന് മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സ. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. ഇതിനിടെയാണ് ഇടതുകൈയിലെ രക്തക്കുഴലില്‍ ബ്ലോക്ക് കണ്ടെത്തിയത്. ബ്ലോക്ക് പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു.
കഴിഞ്ഞമാസം 28ന് രക്തക്കുഴലിലെ ബ്ലോക്ക് നീക്കം ചെയ്തു. എന്നാല്‍ അതിനുശേഷം നീര് വന്ന് കൈ വീര്‍ത്തു. വേദനകാരണം കൈ അനക്കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. ഡോക്ടര്‍ നിര്‍ദേശിച്ച ഓയിന്‍മെന്‍റ് പുരട്ടിയിട്ടും നീര് കുറഞ്ഞില്ല.
ഗുരുതരമായ ചികിത്സ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് കുടുംബത്തിന്‍റെ സംശയം. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും കുടുംബം വ്യക്തമാക്കി.