സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കവെ പി.പി.ദിവ്യക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതില്‍ സി.പി.എമ്മിലെ  ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയതോടെയാണ് നടപടി പരസ്യമാക്കിയെങ്കിലും സമ്മേളനകാലമായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗം വിളിക്കും. ദിവ്യയുടെ കാര്യത്തില്‍ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ വാശിക്ക് കണ്ണൂര്‍ ഘടത്തിന് കീഴടങ്ങേണ്ടി വന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയാവുന്നുണ്ട്.

പി പി ദിവ്യയെ പരമാവധി സംരക്ഷിച്ച സിപിഎം ജാമ്യാപേക്ഷ എതിരായാലുള്ള നാണക്കേട് മറയ്ക്കാന്‍ മാത്രമല്ല അത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുമെന്ന് കണ്ടാണ് ദിവ്യക്കെതിര അച്ചടക്ക നടപടി സ്വീകരിച്ചത് .ദിവ്യക്ക് ജാമ്യം കിട്ടിയെങ്കിലും നടപടി പാര്‍ട്ടി പരസ്യമാക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചാല്‍ സംഘടനാ നടപടികള്‍ സ്വീകരിക്കില്ലെന്ന് പൊതുരീതിയാണ് പാര്‍ട്ടി തിരുത്തിയത്.  സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ അംഗീകാരത്തോടെ ജില്ലാകമ്മിറ്റി നടപടി പ്രഖ്യാപിച്ചെങ്കിലും  സമ്മേളനകാലമായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ സംസ്ഥാന കമ്മിറ്റികൂടി അംഗീകാരം നല്‍കണം.ഇതിനായി സംസ്ഥാന കമ്മിറ്റിയോഗം വിളിക്കും. ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും കമ്മിറ്റി വിളിക്കുക. എന്നാല്‍ സമ്മേളനകാലത്തെ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇത്രയും കാലം വൈകിപ്പിച്ച നടപടി കുറച്ചുകൂടി വൈകിപ്പിക്കാമായിരുന്നുവെന്നാണ് ഒരു വിഭാഗത്തിന്‍റെ വികാരം. തിരഞ്ഞെടുക്കപ്പെട്ട പദവികളിലെ വീഴ്ചയക്ക് സംഘടനാ നടപടിയെടുത്തതും പാര്‍ട്ടി സമ്മേളനങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. ജാമ്യം കിട്ടി പുറത്തിറങ്ങിയെങ്കിലും കേവലം പാര്‍ട്ടി അംഗം മാത്രമായ ദിവ്യയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിന് സിപിഎമ്മിന് പരിമിതിയുണ്ട്.

ENGLISH SUMMARY:

Although Divya got bail, the party made the action public. But the party has corrected its general practice that once the party meetings start, no organizational measures will be taken