കരാര്‍ കാലാവധി കഴിയുന്ന, മണിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢനീക്കം. ഡിസംബറില്‍ കരാര്‍ കാലാവധി കഴിയുമ്പോള്‍ മണിയാര്‍ പദ്ധതി വൈദ്യുതി ബോര്‍ഡിന് കൈമാറണമെന്ന് കെ.എസ്.ഇ.ബി ആവര്‍ത്തിച്ച് കത്തയച്ചിട്ടും തീരുമാനം വൈകുന്നു. പദ്ധതി ഏറ്റെടുത്തില്ലെങ്കില്‍ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം ശരാശരി 18 കോടിരൂപ നഷ്ടമാകും.
സംസ്ഥാനത്തിന് അധികച്ചെലവ് ഒന്നുമില്ലാതെ പ്രതിവര്‍ഷം ശരാശി 18 കോടിരൂപയുടെ വൈദ്യുതി ലഭിക്കാവുന്ന മണിയാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയാണ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിമുഖതകാട്ടുന്നത്. മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയ്ക്കായി 1991 മേയ് 18 നാണ് കെഎസ്ഇബിയും കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സഫര്‍ വ്യവസ്ഥപ്രകാരം 30 വര്‍ഷത്തേയ്ക്ക് കരാര്‍ ഒപ്പിട്ടത്. 94 ല്‍ ഉല്‍പാദനം തുടങ്ങി. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകും. പദ്ധതി ഏറ്റെടുത്ത് കെ.എസ്.ഇ.ബിയ്ക്ക് കൈമാറണമെന്ന് കാണിച്ച് ഊര്‍ജവകുപ്പിന് കത്തുകളയച്ചു. തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല. ഇനിയും കൂടിയാലോചനകള്‍ വേണമെന്ന വിചിത്രനിലപാടിലാണ് സര്‍ക്കാര്‍. Also Read: ആട്ടിവെച്ച ദോശമാവുമായി കെഎസ്ഇബിയില്‍; തലയിലൂടെ ഒഴിച്ച് പ്രതിഷേധം...
പ്രതിവര്‍ഷം മൂന്നുകോടിയിലേറെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മണിയാര്‍ പദ്ധതിവഴി ഏറ്റവുംകുറഞ്ഞത് 18 കോടിരൂപയുടെ വൈദ്യുതി ലഭിക്കും. ഇത് വൈദ്യുതി ബോര്‍ഡിന്റെ വാര്‍ഷിക വരവുചെലവുകണക്കില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. അധികച്ചെലവൊന്നും ആവശ്യവുമില്ല.
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍, കെഎസ്ഇബി സമര്‍പ്പിച്ച എ.ആര്‍.ആര്‍. അനുസരിച്ച് നിരക്ക് വര്‍ധന റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. അപ്പോഴാണ് അടുത്തവര്‍ഷമെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന, പദ്ധതി ഏറ്റെടുക്കാനുള്ള തീരുമാനം വൈകിപ്പിക്കുന്നത്.