മുനമ്പത്തെ വഖഫ് തര്‍ക്ക ഭൂമിയില്‍ ഒരു തരത്തിലുള്ള കുടിയൊഴിപ്പിക്കലും ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ ദ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമമെന്നും വിമര്‍ശനം. മുനമ്പം വിഷയത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ഫാ ജോസഫ് കൈതപ്പറമ്പില്‍. ബോട്ടും തൂക്കുകയറും ചുമന്ന് മല്‍സ്യത്തൊഴിലാളികള്‍ സമരവേദിയിലേക്ക് പ്രകടനം നടത്തി.
ഇരുപത്തിയൊന്‍പതു ദിവസം പിന്നിടുകയാണ് മുനമ്പം നിവാസികളുടെ നിരാഹര സമരം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ സമരവേദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയതോടെ ഇടത്, വലത് മുന്നണികള്‍ക്ക് നേരേ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ സര്‍ക്കാര്‍, നിലപാട് വ്യക്തമാക്കുന്നില്ലെന്ന ബിജെപിയുടെ പരിഹാസത്തിനു പിന്നാലെ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മറുപടി. കുടിയൊഴിപ്പിക്കല്‍ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞ ഗോവിന്ദന്‍, വഖഫിനെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടി ഇല്ലെന്നും വർഗീയ ദ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമമെന്നും വിമര്‍ശനമുന്നയിച്ചു.
മുനമ്പത്ത് രാഷ്ട്രീയം ലക്ഷ്യമാക്കി മുതലെടുപ്പിനുളള ശ്രമമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ മുനമ്പം ജനതയ്ക്കൊപ്പമാണെന്നും മന്ത്രി പി രാജീവും വ്യക്തമാക്കി. സമരവേദിയിലെത്തിയ പാലക്കാട് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ, സമരത്തിന് വർഗീയ നിറം നൽകാൻ ഇടത് മന്ത്രി തന്നെ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു. മുനമ്പം വിഷയത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് സിറോ മലബാര്‍ സഭ തിരുവനന്തപുരം ലൂര്‍ദ് ഫോറോന പളളി വികാരി ഫാ ജോസഫ് കൈതപ്പറമ്പില്‍ പറഞ്ഞു. നിരാഹാര സമരത്തെ പിന്തുണച്ചുകൊണ്ട് ബോട്ടും തൂക്കുകയറും ചുമന്നുകൊണ്ട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധപ്രകടനവുമായി എത്തി. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയതിന് സര്‍ക്കാര്‍ നല്‍കിയ ഉപഹാരങ്ങളും മല്‍സ്യത്തൊഴിലാളികള്‍ സമരവേദിയില്‍ സ്ഥാപിച്ചു.