പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കാട്ടിലേയ്ക്ക് പോകാൻ ഇരുട്ടു വീഴുന്നതും കാത്തിരിക്കേണ്ടിവരുന്ന സ്ത്രീകൾ. അടച്ചുറപ്പില്ലാത്ത കൂരകളിൽ പെൺമക്കൾക്ക് ആധിപിടിച്ച മനസുമായി കാവലിരിക്കുന്ന മാതാപിതാക്കൾ. പറഞ്ഞുവരുന്നത് ഏതെങ്കിലും വടക്കേന്ത്യൻ ഗ്രാമത്തെക്കുറിച്ചല്ല. സംവരണ മണ്ഡലമായ ചേലക്കരയിലെ മാട്ടിൻമുകൾ ആദിവാസി സങ്കേതത്തെക്കുറിച്ചാണ്. ഈ തിരഞ്ഞെടുപ്പ് കാലത്തും അവിടുത്തെ നിസ്സഹായരായ മനുഷ്യർക്കു മുന്നിൽ വാഗ്ദാനങ്ങൾക്ക് പഞ്ഞമില്ല.
ഷീറ്റുകൾ വലിച്ചുകെട്ടിയ ഈ കൂരയിലാണ് ബെന്നിയും ഭാര്യയും പതിനഞ്ച് വയസുകാരി മകളും അടങ്ങുന്ന അഞ്ചംഗ കുടുംബം കഴിയുന്നത്. ചെറിയൊരു മഴ പെയ്താൽ വീട് ചോർന്നൊലിക്കും. വെള്ളത്തിലാകും. ശുചിമുറിയില്ല.
ഒരേക്കർ സ്ഥലത്ത് 19 കുടുംബങ്ങൾ കഴിയുന്നു. അടച്ചുറപ്പില്ലാത്ത കൂരകളിൽ. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ കിട്ടിയെങ്കിലും പണി പൂർത്തിയാക്കിയിട്ടില്ല. വനത്തിൽ നിന്ന് ഔഷധ സസ്യങ്ങൾ ശേഖരിച്ച് കടകളിൽ കൊണ്ടുപോയി വിൽപന നടത്തിയാണ് ഇവർ കഴിഞ്ഞുകൂടുന്നത്. കിട്ടുന്നത് തുച്ഛമായ വില. ഇവർ നിരന്തരം വഞ്ചിതരാകുന്നു.