ട്രയല്‍ റണ്‍ ആരംഭിച്ച് നാല് മാസം പിന്നിടുമ്പോള്‍ വിഴിഞ്ഞം രാജ്യന്തര തുറമുഖത്തിന്‍റെ ബിസിനസ് പൊട്ടന്‍ഷ്യല്‍ എന്താണെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ട്രയല്‍ റണ്ണില്‍ തന്നെ തുറമുഖം കൈകാര്യം ചെയ്തത് ഒരു ലക്ഷത്തിലധികം കണ്ടെയ്നറുകളാണ്. നവംബര്‍ ഒമ്പതുവരെ 46 കപ്പലുകള്‍ തുറമുഖത്തെത്തിയപ്പോള്‍ 1,00,807 ടി.ഇ.യു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.
ചരക്ക് കൈമാറ്റത്തിലൂടെ 7.4 കോടി രൂപയുടെ ജി.എസ്.ടി വരുമാനം ട്രയല്‍ റണ്‍ കാലത്ത് സംസ്ഥാനത്തിന് ലഭിച്ചതായും മന്ത്രി അറിയിച്ചു. എം.എസ്.സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളെല്ലാം ഇതിനകം വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. ട്രയല്‍ റണ്‍ തുടങ്ങിയ ജൂലൈമാസത്തില്‍ 3 കപ്പലുകളും, സെപ്റ്റംബറില്‍ 12 കപ്പലുകളും, ഒക്ടോബറില്‍ 23 കപ്പലുകളുമാണ് വിഴിഞ്ഞത്ത് എത്തിയത്.
നവംബറില്‍ ഇതുവരെ 8 കപ്പലുകള്‍ എത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തും. ട്രയല്‍ റണ്‍ വളരെ വിജയകരമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ മുന്‍നിശ്ചയിച്ചതുപോലെ ഡിസംബറില്‍ തന്നെ തുറമുഖത്തിന്‍റെ കമ്മീഷനിങ് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.