kollam-seaplane

കൊച്ചിയില്‍ ലാന്‍‍ഡ് ചെയ്ത ജലവിമാനത്തെച്ചൊല്ലി കൊല്ലത്ത് മുറുമുറുപ്പ്. പതിനൊന്നു വര്‍ഷം മുന്‍പ് സി.ഐ.ടി.യു പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലത്തിന് നഷ്ടപ്പെട്ട പദ്ധതിയാണ് സീപ്ലെയിന്‍. എന്തിനാണ് സീപ്ലെയിന്‍ പദ്ധതിയെ എതിര്‍ത്തതെന്ന് സി.പി.എം നേതാക്കള്‍ക്ക് കൃത്യമായ ഉത്തരമില്ല. കൊല്ലത്തേക്കും സീപ്ലെയിന്‍ വേണമെന്ന് സി.പി.എം നേതാവും കൊല്ലം മേയറുമായ പ്രസന്ന ഏണസ്റ്റ് മനോരമ ന്യൂസിനോട് പറഞ്ഞു.

 

മീന്‍പിടിക്കാനാകില്ല, മീന്‍ മുട്ട നശിക്കും, മീനുകള്‍ കൂട്ടത്തോടെ പലായനം ചെയ്യും എന്നൊക്കെപ്പറഞ്ഞായിരുന്നു സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെ സിഐടിയു മല്‍സ്യത്തൊഴിലാളി യൂണിയന്‍ സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചത്. 

Also Read; സീപ്ലെയിനെതിരെ അന്ന് പ്രതിഷേധം; ഇന്ന് അവകാശവാദം; പറന്നിറങ്ങുന്ന വിവാദം

  ‘പ്രതിഷേധം വിജയമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയില്ലയെന്ന് സി.പി.എം.കൊല്ലം ഏരിയാ സെക്രട്ടറി എച്ച്. ബെയ്സില്‍ ലാല്‍ പറഞ്ഞു. 

അന്ന് ഇല്ലാതാക്കിയ പദ്ധതി പതിനൊന്നു വര്‍ഷത്തിനിപ്പുറം കൊച്ചിയില്‍ നടപ്പാക്കുമ്പോള്‍ മല്‍സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചോ. എന്തിനായിരുന്നു പ്രതിഷേധമെന്ന് മറുപടി പറയാന്‍പോലും നേതാക്കള്‍ തയാറാകുന്നില്ല. നഷ്ടമുണ്ടായത് കൊല്ലത്തിനാണ്. 

എംഎല്‍എ ആയിരുന്ന പി.കെ.ഗുരുദാസനൊക്കെ പദ്ധതി നടപ്പാക്കണമെന്ന പക്ഷക്കാരനായിരുന്നു. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉള്‍പ്പെടെയുളളവരും അന്ന് ഉദ്ഘാടച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കണമെന്ന്‌ ഇപ്പോള്‍ സിപിഎം നേതാക്കളുടെ നിലപാട്. കൊല്ലത്തും നടപ്പാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് മനോരമ ന്യൂസിനോട് പറഞ്ഞു. 

യുഡിഎഫ് കാലത്ത് പദ്ധതിയെ എതിര്‍ത്തവരൊക്കെ ചേര്‍ന്ന് ഇനി അഷ്ടമുടിക്കായലില്‍ ജലവിമാനമിറക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

ENGLISH SUMMARY:

A buzz has arisen in Kollam about the seaplane that recently landed in Kochi. Eleven years ago, Kollam lost the seaplane project due to protests led by CITU. CPM leaders currently have no clear answer as to why they opposed the seaplane project back then. CPM leader and Kollam Mayor Prasanna Earnest told Manorama News that Kollam also deserves a seaplane service.