തന്നെ മനസ്സിലാക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പാര്‍ട്ടി തന്നെ മാറ്റിയതെന്ന് ഇ.പി. ആത്മകഥയില്‍. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞുമാത്രമേ പുസ്തകം പ്രസിദ്ധീകരിക്കൂ എന്ന വിശ്വാസത്തിലാണ് പി.സരിനെക്കുറിച്ചടക്കം വിമര്‍ശനമുന്നയിക്കുന്നതെന്ന് ഇപിയുടെ വാക്കുകള്‍തന്നെ വെളിപ്പെടുത്തുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയ പാര്‍ട്ടി നടപടിയെടക്കുറിച്ച് ഇ.പി എഴുതുന്നതിങ്ങനെ.
ഇക്കാര്യത്തില്‍ എനിക്കുണ്ടായ പ്രയാസം മറച്ചുവയ്ക്കുന്നില്ല. പദവി നഷ്ടപ്പെട്ടതിലുള്ള പ്രയാസമല്ല. എന്നെ ഈ വിഷയത്തില്‍ പാര്‍ട്ടി മനസ്സിലാക്കിയില്ല എന്നതാണ്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച അനൗപചാരികമായിരുന്നുവെന്നും ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമാണെന്നും ഇ.പി ആവര്‍ത്തിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് വിവരിക്കുമ്പോള്‍ ഇ.പി.ഇങ്ങനെ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍നിന്ന് ജനം കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഭരണവിരുദ്ധവികാരം മറികടക്കാനാണ് നവകേരള യാത്ര നടത്തിയതെങ്കിലും ലക്ഷ്യംകണ്ടില്ല.
താന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരിക്കെ സാന്‍റിയാഗോ മാര്‍ട്ടിനുമായുളള ദേശാഭിമാനിയുടെ ഇടപാടിനെ ന്യായീകരിക്കുന്ന ഇ.പി.,, വിഭാഗീയതയുടെ ഭാഗമായി വി.എസ് ബോണ്ട് വിവിവാദം. തനിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ ആയുധമാക്കിയെന്ന് വിമര്‍ശിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായമന്ത്രിയായിരിക്കെ ബന്ധുനിയമന വിവാദത്തിലുംതന്നെ വേട്ടയാടി. യഥാര്‍ഥ വസ്തുത പറയുന്നതില്‍ ദേശാഭിമാനിയും കൈരളിയുമടക്കം നിസംഗത കാണിച്ചു. ജോണ്‍ ബ്രിട്ടാസിനെ വിളിച്ചപ്പോള്‍ ചൈനയിലാണെന്ന് മറുപടി കിട്ടിയെന്ന ഇ.പി ഒാര്‍ത്തെടുക്കുന്നുണ്ട്. വൈദേക റിസോര്‍ട്ട് വിവാദത്തിനു പിന്നില്‍ സ്ഥാപനം പിടിച്ചെടുക്കാന്‍ ആഗ്രഹിച്ച മുന്‍ എം.ഡി. രമേശന്‍ ആണ് . പി.ജയരാജന്‍ സംസ്ഥാനസമിതിയില‍് ഉന്നയിച്ച വിഷയം വിവാദമാക്കിയത് ആരെന്നറിയാം. അത് പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല.– ഇപി പറയുന്നു. സംസ്ഥാനത്ത് മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴാണ് ഇത് കുറിക്കുന്നത്. വോട്ടെടുപ്പിന് മുന്‍പ് പ്രസിദ്ധീകരിച്ചാല്‍ അതും വിവാദമായേക്കാം. ഏതായാലും അത് കഴിഞ്ഞാകും എന്നുള്ളതുകൊണ്ട് തുറന്നുപറയാമല്ലോ എന്ന് ഇ.പി തന്നെ പുസ്തകത്തില്‍ പറയുന്നുണ്ട്. ആത്മകഥ ചോര്‍ന്നതിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് ഈവരികള്‍.