കല്‍പാത്തി രഥോല്‍സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഒന്നാം തേരിന്റെ ഭാഗമായുള്ള ദേവരഥങ്ങളുടെ പ്രദക്ഷിണം തുടങ്ങി. അഗ്രഹാര വീഥികളില്‍ ഇനിയുള്ള രണ്ട് ദിവസം ദേശക്കാരുള്‍പ്പെടെ ആയിരങ്ങളുടെ സാന്നിധ്യമുണ്ടാവും. കല്‍പാത്തി രഥോല്‍സവം കണക്കിലെടുത്താണ് വയനാടിനും ചേലക്കരയ്ക്കുമൊപ്പം വോട്ടെടുപ്പ് നിശ്ചയിച്ചിരുന്ന പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഇരുപതിലേക്ക് മാറ്റിയത്.
പ്രത്യേക പൂജകള്‍ക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാര്‍വതിമാരും ഗണപതിയും വള്ളി ദൈവാന സമേത സുബ്രഹ്മണ്യ സ്വാമിയും രഥാരോഹണത്തിന് ശേഷം പ്രദക്ഷിണ വഴികളിലേക്കിറങ്ങി. അഗ്രഹാര വീഥികളിലൂടെ അനുഗ്രഹം ചൊരിഞ്ഞ് വിഗ്രഹങ്ങളുമായുള്ള രഥങ്ങള്‍ ഭക്തരെ തേടിയെത്തും. മറ്റന്നാളാണ് പതിനായിരങ്ങള്‍ സാക്ഷിയാവുന്ന ദേവരഥസംഗമമെന്ന വിസ്മയം. ഒന്നാം തേര് ചടങ്ങ് കണക്കിലെടുത്താണ് വയനാട്, ചേലക്കര മണ്ഡലങ്ങള്‍ക്കൊപ്പം ഇന്ന് ( ബുധന്‍ ) നിശ്ചയിച്ചിരുന്ന പാലക്കാട്ടെ വോട്ടെടുപ്പ് ഈമാസം ഇരുപതിലേക്ക് മാറ്റിയത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പ്രചരണത്തിനായി എത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കല്‍പാത്തിയിലെത്തിയിരുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ കല്‍പാത്തിയില്‍ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രം ഭാരവാഹികളും ജില്ലാഭരണകൂടവും ചേര്‍ന്ന് ഒരുക്കിയിയിട്ടുള്ളത്.