പാലക്കാട്ടെ രാഷ്ട്രീയ പോരാട്ടം കനക്കുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി പി.സരിന്‍റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ സരിന്‍ പങ്കുവെച്ച കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവനയാണ് വിവാദമാകുന്നത്. 'പിണറായി വിജയനുള്ള മറുപടി 23ന് തരാം' എന്ന പോസ്റ്ററാണ് വിവാദത്തിന് വഴിവെച്ചത്.
പോസ്റ്റിന് കീഴില്‍ കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കമന്‍റുമായി എത്തിയിട്ടുണ്ട്. 'പിന്നല്ലാ.. 23 ന് കണ്ടോളണം' എന്നാണ് അബിന്‍ വര്‍ക്കി കമന്‍റ് ചെയ്തത്. 2023 ഡിസംബര്‍ 21നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നവംമ്പര്‍ 23നാണ് ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നടക്കുന്നത്. അന്ന് പാലക്കാട്ടെ ജനം രാഹുലിനെ സ്വീകരിക്കുമെന്നും സരിനെ തള്ളുമെന്നുമാണ് കോണ്‍ഗ്രസ് ഭാഷ്യം.
പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കാൻ ഇറങ്ങിയ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തതില്‍ പ്രതിഷേധമറിയിച്ച് കെ.പി.സി.സി പ്രസിഡന്‍റ് ഇറക്കിയ പ്രസ്താവനയാണ് സരിന്‍ പങ്കുവെച്ചിരുന്നത്. പോസ്റ്ററിലെ വാചകം 'പിണറായി വിജയനുള്ള മറുപടി 23ന് തരാം' എന്നാണ്. ഇതിനോടൊപ്പം കെ.സുധാകരന്‍റെ മുഴുവന്‍ പ്രസ്താവനയും പങ്കുവെച്ചിട്ടുണ്ട്.