മതാടിസ്ഥാനത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടും. കൊല്ലത്തെ കോൺഗ്രസ് നേതാവ് ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണ് നടപടി. മതാടിസ്ഥാനത്തിൽ വാടാസാപ്പ് ഗ്രൂപ്പുണ്ടാക്കി വർഗീയ വേർതിരിവിന് ശ്രമിച്ചെന്നും പിടിക്കപ്പെടാതിരിക്കാൻ വ്യാജ പരാതി ഉണ്ടാക്കിയെന്നുമാണ് പരാതി. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്ത ഒരാളുടെ പരാതിയിൽ കേസെടുക്കാനാകുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.
മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനെന്ന് കണ്ടെത്തിയ സര്‍ക്കാര്‍, വര്‍ഗീയ വേര്‍തിരിവായിരുന്നു ലക്ഷ്യമെന്നും ഉത്തരവില്‍ എഴുതിയതോടെ സ്ഥാനക്കയറ്റമടക്കം ഗോപാലകൃഷ്ണന്റെ കരിയര്‍ തന്നെ തുലാസിലായിരിക്കുകയാണ്. മതഗ്രൂപ്പുണ്ടാക്കിയതിനപ്പുറം പിടിക്കപ്പെടാതിരിക്കാന്‍ കള്ളപ്പരാതി നല്‍കി ഗോപാലകൃഷ്ണന്‍ പൊലീസിനെയും സര്‍ക്കാരിനെയും കബളിപ്പിച്ചെന്നും വ്യക്തമായി. എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായ ഐ.എ.എസുകാര്‍ ഉള്‍പ്പെടെ ആരെങ്കിലും പരാതി നല്‍കുകയോ സര്‍ക്കാര്‍ നിര്‍ദേശിക്കുകയോ ചെയ്താല്‍ മാത്രമേ ഗോപാലകൃഷ്ണനെതിരെ കേസെടുക്കൂവെന്നാണ് പൊലീസ് നിലപാടെടുത്തിരുന്നത്.
ദീപാവലി ആഘോഷ സമയത്തായിരുന്നു സംസ്ഥാനത്തെ ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ 'മല്ലു ഹിന്ദു ഓഫീസേഴ്സ്' എന്ന പേരില്‍ ഗ്രൂപ്പ് രൂപീകരിച്ചത്. കലക്ടര്‍മാര്‍ മുതല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ വരെയുള്ള ഹിന്ദു ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി. ഗ്രൂപ്പ് കണ്ടതോടെ പലരും ഗോപാലകൃഷ്ണനെ വിളിച്ച് കാര്യം തിരക്കുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ്പ് പിരിച്ചുവിട്ട ഗോപാലകൃഷ്ണന്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു.മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ആരോ കൈക്കലാക്കി 11 വാട്സപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചെന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ള പലരെയും വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ത്തുവെന്നും ഗ്രൂപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണവും നല്‍കി. താന്‍ തന്നെ ഗ്രൂപ്പെല്ലാം ഡിലീറ്റാക്കുകയും ഫോണ്‍ മാറുകയും ചെയ്തെന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.