മലപ്പുറം മുൻ എസ്പി എസ്.സുജിത് ദാസ് ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനി സ്വദേശിയായ യുവതി പീഡന ആരോപണം ഉന്നയിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ താനൂർ മുൻ ഡിവൈഎസ്പി വി.വി.ബെന്നി നൽകിയ പരാതിയിലാണ് അന്വേഷണം. പൊന്നാനിയിലെ പ്രധാന സിപിഎം നേതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു.
മുട്ടിൽ മരം മുറിക്കേസ് സത്യസന്ധമായി അന്വേഷിച്ചതിന്‍റെ വിരോധം തീർക്കാനായി കേസിലെ പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്ന ഡി.വൈ.എസ്.പി...വി.വി. ബെന്നിയുടെ പരാതിയിലാണ് അന്വേഷണം. ഡിസിആര്‍ബി...ഡിവൈഎസ്പി.... സാജു കെ.ഏബ്രഹാമാണ് പ്രാഥമികാന്വേഷണം നടത്തുന്നത്. ബെന്നിയുടെ പരാതിയിൽ കേസെടുക്കണോയെന്ന് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. മുൻ എസ്പി എസ്.സുജിത് ദാസ്, താനൂർ മുൻ ഡിവൈഎസ്പി വി.വി.ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് വലിയാറ്റൂർ എന്നിവർക്കെതിരെയാണു വീട്ടമ്മ പീഡന ആരോപണം ഉന്നയിച്ചത്. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയപ്പോൾ വിനോദ് പീഡിപ്പിച്ചു, വിനോദിനെതിരെ പരാതി നൽകാനെത്തിയപ്പോൾ ബെന്നിയും സുജിത് ദാസും മോശമായി പെരുമാറിയെന്നായിരുന്നു പരാതി. വീട്ടമ്മയുടെ പരാതി ചിത്രീകരിക്കുബോള്‍ ദൃക്സാക്ഷികളായ സിപിഎം നേതാക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
വീട്ടമ്മ ഉദ്യോഗസ്ഥർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പി.വി. അന്‍വര്‍ എംഎല്‍എയുടേയും സസ്പെന്‍ഷനിലുളള എസ്.ഐ.. ശ്രീജിത്തിന്‍റേയും ആസൂത്രണത്തിലാണ് വീട്ടമ്മയുടെ പരാതി ചിത്രീകരിച്ചതെന്നാണ് സിപിഎം ജില്ല സെക്രട്ടറേറിയറ്റ് അംഗം പി.കെ. ഖലിമുദ്ദീനും ഏരിയ സെക്രട്ടറി സിപി മുഹമ്മദ് കുഞ്ഞിയും ചിത്രീകരണം നടന്ന വീടിന്‍റെ ഉടമ കൂടിയായ ഏരിയ കമ്മിറ്റി അംഗം ടി.എം. സിദ്ദീഖും നേരത്തെ വെളിപ്പെടുത്തിയത്.