ശബരിമലയില്‍ പരിമിതികള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ദര്‍ശനസമയം കൂട്ടാന്‍ സഹകരിച്ച തന്ത്രിക്കും മേല്‍ശാന്തിക്കും നന്ദിയുണ്ടെന്നും ഇനിയും ദര്‍ശന സമയം കൂട്ടാന്‍ ആലോചനയില്ലെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം, മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് നാലുമണിക്ക് തുറക്കും. സാധാരണ അഞ്ചുമണിക്കാണ് തുറക്കുക. തിരക്ക് പരിഗണിച്ചാണ് നട നേരത്തെ തുറക്കാന്‍ തീരുമാനിച്ചത്. 30,000 ആണ് ഇന്നത്തെ വിര്‍ച്വല്‍ ബുക്കിങ്.
നട തുറന്നതിനു ശേഷം പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ അഭിഷേകം നടക്കും. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവര് ആണ് അഭിഷേകം ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും.
നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും. പ്രളയ കാലത്തിനുശേഷം പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ച ആദ്യ മണ്ഡലകാലം കൂടിയാണിത്.