ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാരിന്‍റെ ബാധ്യതയല്ലെന്ന ധനവകുപ്പ് ഉത്തരവ് സര്‍വ്വകലാശാലകളുടെ മരണമണിയാകുമെന്ന് ആശങ്ക. സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ശമ്പളത്തിനും പെന്‍ഷനും സ്വന്തം വരുമാനത്തില്‍ നിന്ന് കണ്ടെത്തണമെന്ന് പറയുന്നത് അപ്രായോഗികമാണ്. വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ ഉയര്‍ത്തിയാല്‍ പോലും വരുമാനം കൂട്ടുക പ്രയാസമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണ്ടുന്നു.
സര്‍വ്വകലാശാലകള്‍, ചലചിത്ര അക്കാദമി, സാഹിത്യ അക്കാദമി തുടങ്ങിയ ഗ്രാന്‍ഡ് ഇന്‍ എയ്ഡ്സ്ഥാപനങ്ങളുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടേയുള്ള സാമ്പത്തിക ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുന്ന ഉത്തരവ് അത്ര വലിയ കാര്യമല്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ ഉത്തരവിന്‍റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയായിരിക്കും.
കാരണം, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ സര്‍വ്വകലാശലകളാണ്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി സര്‍വ്വകലാശാലകളുടെ ഗ്രാന്‍ഡ് സര്‍ക്കാര്‍ വധിപ്പിക്കുന്നില്ല. ബജറ്റില്‍ പ്രഖ്യാപിക്കുന്ന ഗ്രാന്‍ഡുകള്‍ പൂര്‍ണമായും നല്‍കുന്നുമില്ല. അതിനാല്‍ സര്‍വ്വകലാശാലകള്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകരാം സ്വന്തം വരുമാനം വര്‍ധിപ്പിക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ ഫീസുകള്‍ കുത്തനെ കൂട്ടേണ്ടി വരും. അത് പോലും മതിയാകില്ലെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ചലചിത്ര അക്കാദമിയും സാഹിത്യ അക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതു സര്‍ക്കാര്‍ സഹായം കൊണ്ടാണ്. പുതിയ ഉത്തരവോടെ ഈ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴില്‍ സുരക്ഷ തന്നെയാണ് അപകടത്തിലാകുന്നത്.
സവാദ് മുഹമ്മദ്, മനോരമന്യൂസ്, തിരുവനന്തപുരം.