theft-perumbavoor

പെരുമ്പാവൂരിലും ഭീതിയായി കവര്‍ച്ചാസംഘങ്ങള്‍. ഒരുമാസത്തിനിടെ 50 ഇടത്താണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിലും മോഷ്ടാക്കളെത്തി.അലാം മുഴങ്ങിയപ്പോള്‍ രണ്ട് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

ഇന്നലെ പട്ടാപ്പകല്‍ നഗരമധ്യത്തിലെ വീട്ടില്‍ നിന്ന് കവര്‍ച്ചാസംഘം മൊബൈലും പണവും കവര്‍ന്നു. അതേ സമയം എറണാകുളം വടക്കൻ പറവൂരിൽ പത്തിലധികം വീടുകളിലെ മോഷണശ്രമത്തിന് പിന്നില്‍ കുറുവാസംഘമാണെന്ന് പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കുറുവ സംഘമാണെന്ന് എഫ്ഐആറിൽ പരാമർശവുമില്ല.

മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മുൻപ് മോഷണക്കേസുകളില്‍ പ്രതികളായവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ്  നിലവിലെ അന്വേഷണം. മോഷണശ്രമവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ വടക്കേക്കര പോലീസ് റജിസ്റ്റർ ചെയ്തു. ആലുവ റൂറൽ എസ് പി വൈഭവ്  സക്സേന മോഷണശ്രമം നടന്ന വീടുകൾ ഇന്നലെ സന്ദർശിച്ചിരുന്നു. കൊച്ചി നഗരത്തിൽ പട്രോളിങ് ശക്തമാക്കിയതായി ഡിസിപി കെ.എസ് സുദർശൻ പറഞ്ഞു. പട്രോളിങ്ങിനായി കൂടുതൽ പോലീസുകാരെ നിയോഗിച്ചെന്നും കെ.എസ്.സുദര്‍ശന്‍  പറഞ്ഞു.

ENGLISH SUMMARY:

Robbery gangs are also feared in Perumbavoor. 50 robberies took place in one month