ആലപ്പുഴയിൽ കുറുവ സംഘത്തെക്കുറിച്ചുള്ള ഭീതി മാറാതെ നാട്ടുകാർ. പുന്നപ്രയിൽ കഴിഞ്ഞ രാത്രിയും കുറുവ സംഘമെന്നു കരുതപ്പെടുന്ന മോഷ്ടാക്കൾ എത്തിയതായി സംശയം. പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവിനെ മർദ്ദിച്ച് മോഷ്ടാവ് രക്ഷപെട്ടു.
മണ്ണഞ്ചേരിയിലും കോമളപുരത്തും വീടുകളിൽ നടത്തിയ കുറുവ സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ആലപ്പുഴ പറവൂരിലും മോഷണം നടന്നത്. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന കള്ളൻ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റേയും ആഭരണങ്ങൾ കവർന്നു.
കുറുവ സംഘമെന്ന് നാട്ടുകാർക്ക് സംശയമുണ്ടെങ്കിലും പൊലീസ് പൂർണമായും സ്ഥിരീകരിക്കുന്നില്ല. മോഷ്ടാക്കളുടെ വേഷവും മോഷണ രീതിയും കറുവ സംഘമാണെന്ന സംശയം വർധിപ്പിക്കുകയും ചെയ്യുന്നു.
നാട്ടുകാർ പരിശോധന നടത്തുന്നതിനിടെയാണ് കഴിഞ്ഞ രാത്രി കളർകോട് ഭാഗത്ത് മോഷ്ടാവെന്നു സംശയിക്കുന്ന ഒരാളെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ മോഷ്ടാവ് യുവാവിനെ മർദ്ദിച്ചു രക്ഷപെട്ടു. മോഷ്ടാവിനും മർദനമേറ്റു.
ആശുപത്രികളിലോ വീടുകളിലോ സഹായം തേടി എത്തിയാൽ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. കുറുവ സംഘങ്ങൾ കവർച്ച തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. പകൽ സമയങ്ങളിൽ മറ്റ് ജോലികൾ തേടി നടക്കുകയും സാധനങ്ങൾ വിൽക്കാൻ എത്തുകയും രാത്രിയിൽ കവർച്ചയ്ക്ക് എത്തുകയും ചെയ്യുന്നതാണ് കുറുവാ സംഘത്തിന്റെ രീതി. സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇങ്ങനെയെത്തിയ ചിലരെക്കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് കിട്ടിയതിനെ തുടർന്ന് ചോദ്യം ചെയ്തെങ്കിലും അവർക്കാർക്കും മോഷണങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല.