sabarimala

ശബരിമലയിലെ റോപ് വേ പദ്ധതിക്ക് വഴിതെളിയുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വനം വകുപ്പിന് കൈമാറാന്‍ ഉത്തരവ് ഇറങ്ങി. അടുത്ത ആഴ്ച വനഭൂമി നിര്‍മാണത്തിനായി കൈമാറും. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള റോപ് വേയുടെ നിര്‍മാണത്തിന് തുടക്കമാകുന്നു. ഏറെക്കാലമായി വനം–റവന്യൂ വകുപ്പുകളുടെ തര്‍ക്കത്തില്‍ കുരുങ്ങിയിരുന്ന പദ്ധതിക്കാണ് ജീവന്‍ വെക്കുന്നത്. 4.53 ഹെക്ടര്‍ വനഭൂമിയാണ് പദ്ധതിക്കായി കൈമാറുക. ഇതിന് പകരമായി വനവത്ക്കരണത്തിന് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ റവന്യൂ ഭൂമി വനം വകുപ്പിന് നല്‍കും. ഷെന്തുരുണി വനമേഖലയോട് ചേര്‍ന്ന ഭൂമിയാണ് ഇപ്രകാരം നല്‍കുക. ഇതിനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. 

 

ഇതോടെ വനഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറുന്നതിനുള്ള നിയമതടസം നീങ്ങി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് 2.7 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍കാര്‍ യാത്രാ സൗകര്യമാണ് നിലവില്‍ വരുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍, പ്രത്യേക പരിഗണന വേണ്ടവര്‍ എന്നിവര്‍ക്ക് കേബിള്‍കാര്‍ വരുന്നതോടെ തീര്‍ത്ഥാടനം  സാധ്യമാകും. കൂടാതെ കേബിള്‍കാര്‍ ആബുലന്‍സ് സര്‍വീസായും ഉപയോഗിക്കാം. അവശ്യസാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കുന്നതിനും ഇത് പ്രയോജനപ്പെടുത്തുന്നതോടെ ട്രാക്ടറുകളുെട ഉപയോഗം കുറയും. അടുത്തവര്‍ഷം തീര്‍ഥാടന കാലത്തോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ശ്രമം.