കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ച രോഗി ഗുരുതരാവസ്ഥയില്‍. നാദാപുരം ചെക്യാട് സ്വദേശി അശ്വിന്‍റെ ആരോഗ്യനിലയാണ് വഷളായത്. മെഡിക്കല്‍ കോളജില്‍നിന്ന് അനസ്തേഷ്യോളജിസ്റ്റുകളില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതാണ് അശ്വിന്‍ ഗുരുതരാവസ്ഥയിലാക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു
കോയമ്പത്തൂരില്‍ നടന്ന സൈനിക റിക്രൂട്ട്മെന്‍റ് റാലിക്കിടെ വീണാണ് അശ്വിന്‍റെ തുടയെല്ല് പൊട്ടിയത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ഈ മാസം 10 ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയ തിങ്കളാഴ്ച നടത്താമെന്ന് ഡോക്ടര്‍മാര്‍ ബന്ധുകളോട് പറഞ്ഞു. എന്നാല്‍ അന്ന് വൈകീട്ട് വരെ കാത്തിരുന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ല. അനസ്തേഷ്യ നല്‍കാന്‍ ഡോക്ടറില്ലെന്നും വെള്ളിയാഴ്ചയേ ശസ്ത്രക്രിയ നടത്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ അശ്വിന്‍റെ ജീവന്‍ രക്ഷിക്കാനായി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളജില്‍ നിന്ന് സ്വന്തം താത്പര്യത്തിലാണ് സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോവുന്നതെന്ന് എഴുതി വാങ്ങിച്ചതായും ബന്ധുകള്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. അനസ്തേഷ്യോളജിസ്റ്റുകളുടെ കുറവാണ് പ്രശ്നം ഗുരുതരമാക്കിയതെന്നാണ് മെഡിക്കല്‍ കോളജിന്‍റെ വിശദീകരണം.