ശബരിമല തീർഥാടകര്‍ക്കായി ബസ് സർവീസ് ആരംഭിച്ചു കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ബെംഗളൂരുവിൽ നിന്നും നിലയ്ക്കലിലേക്കാണ് സർവീസ്. ഐരാവത് വോൾവോ ബസ് സർവീസാണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
നവംബർ 29 ന് ബസ് സർവീസ് ആരംഭിക്കും. ബെംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1:50 നായിരിക്കും ബസ് പുറപ്പെടുക. പിറ്റേ ദിവസം രാവിലെ 6:45 ന് നിലയ്ക്കലിൽ എത്തിച്ചേരും. തിരിച്ച് നിലയ്ക്കലിൽ നിന്ന് ആറിന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 10 മണിയോടെ ബെംഗളൂരുവിൽ എത്തും. യാത്രക്കാരന് 1,750 രൂപയാണ് ചെലവ് വരുന്നത്.
സ്വകാര്യ റിസർവേഷൻ കൗണ്ടറുകൾ കൂടാതെ ബെംഗളൂരു നഗരത്തിലും കർണാടകയിലെ വിവിധ റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.