ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടു ദിവസം പിന്നിട്ടിട്ടും മൂലസ്ഥാനമായ പന്തളത്ത് ഒരുക്കങ്ങൾ പൂർത്തിയായില്ല. വിശ്രമമുറിയിലെ സെപ്ടിക് ടാങ്കുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ പോലും പണി തീരാത്തതോടെ ആയിരക്കണക്കിന് തീർത്ഥാടകരാണ് വലയുന്നത്. ഇതിനിടെ പന്തളത്തെ സ്പോട്ട് ബുക്കിങ് സൗകര്യവും നിർത്തലാക്കിയതിൽ പ്രതിഷേധം ഉയരുകയാണ്.

മുൻവർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ വരവ് വർധിക്കുമെന്നു പറയുമ്പോഴും വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ച് നടത്തേണ്ട ഒരുക്കങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ഉദ്ഘാടനം നടത്തി രണ്ടുവർഷം പിന്നിട്ടിട്ടും വിശ്രമ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.

2022 - 23 വർഷത്തിൽ ദേവസ്വം ബോർഡ് പ്രഖ്യാപിച്ച പന്തളം മാസ്റ്റർ പ്ലാനും പേപ്പറിലൊതുങ്ങി. മന്ത്രിമാരുടെ അധ്യക്ഷതയിൽ തീർത്ഥാടന അവലോകനയോഗം പലതവണ ചേർന്നതാണ്. പക്ഷേ തീരുമാനങ്ങളെടുത്തതല്ലാതെ പ്രവർത്തനം നടന്നില്ല.

പാർക്കിംഗ് ക്രമീകരണവും ഫലവത്താകാത്തതോടെ പ്രദേശത്ത് വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. സ്പോട്ട് ബുക്കിങ് പ്രതീക്ഷിച്ചെത്തി ലഭിക്കാതെ വരുന്ന തീർത്ഥാടകരുടെ കണക്ക് വരും ദിവസങ്ങളിൽ ഉയർന്നേക്കും. അങ്ങനെയെങ്കിൽ അവർക്ക് എവിടെ സൗകര്യമൊരുക്കുമെന്നാണ് ചോദ്യമായി ഉയരുന്നത്.