TOPICS COVERED

ശബരിമല സന്നിധാനത്ത് ഏറ്റവും ആയാസമുള്ള ജോലി ചെയ്യുന്നവരാണ് തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റാന്‍ സഹായിക്കുന്ന പൊലീസുകാര്‍. പതിനെട്ടാംപടി കയറ്റം ഇഴഞ്ഞാല്‍ എല്ലാം താറുമാറാവും. അതിവേഗം തളരുന്നതിനാല്‍  15 മിനിറ്റ് ജോലി കഴിഞ്ഞാല്‍ അരമണിക്കൂര്‍ വിശ്രമം എന്ന രീതിയിലാണ് ഡ്യൂട്ടി.

പതിനെട്ടാം പടിയില്‍ ഒരേ സമയം 15 ഉദ്യോഗസ്ഥര്‍. ഇടുങ്ങിയ, നെയ്യും വെള്ളവും അടക്കം കലര്‍ന്ന പതിനെട്ടാം പടിയിലൂടെ കയറി വരുന്ന തീര്‍‌ഥാടകരെ കൈപിടിച്ചു കയറ്റണം. ഇവരുടെ കൈക്കരുത്തില്‍ക്കൂടിയാണ് പതിനെട്ടാം പടി കയറ്റം സുഗമമാകുന്നത്. മിനിറ്റില്‍ 70ല്‍ അധികം തീര്‍ഥാടകര്‍ പടികയറണം. ഇവിടെ പാളിയാല്‍ തീര്‍ഥാടകരുടെ കാത്ത് നില്‍പ്പ് ഏറും. 15 മിനിറ്റാണ് ഡ്യൂട്ടി. അത് കഴിഞ്ഞ് അരമണിക്കൂര്‍ വിശ്രമം.. വീണ്ടും പടിയിലേക്ക്. അങ്ങനെ ആകെ നാലു മണിക്കൂര്‍ ഡ്യൂട്ടി. നാല് മണിക്കൂര്‍ മാറി മാറി ജോലി ചെയ്യാന്‍ ആകെ 45 പേര്‍. വിശ്രമ സമയത്ത് കുടിക്കാന്‍ ബൂസ്റ്റോ ഹോര്‍ലിക്സോ  ചേര്‍ത്ത പാല്‍.

നേരത്തെ ഇരുപത് മിനിറ്റും ജോലിയും 40 മിനിറ്റ് വിശ്രമവും ആയിരുന്നു. കഴിഞ്ഞ ദിവസമാണ് 15 മിനിറ്റ് ജോലിയും അരമണിക്കൂര്‍ വിശ്രമവും ആക്കി മാറ്റിയത്. മാറ്റം ഉദ്യോഗസ്ഥരുടെ ആയാസം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ഒരു സിഐയുടെ മേല്‍നോട്ടത്തിലാണ് പതിനെട്ടാം പടിയിലെ ഡ്യൂട്ടി. വിവിധ ക്യാംപുകളിലെ യുവാക്കളെയാണ് പതിനെട്ടാം പടിയിലെ ജോലിക്ക് നിയോഗിക്കുന്നത്. മണ്ഡലകാലത്ത് 12 ദിവസം സന്നിധാനത്ത് എത്താന്‍ ഉദ്യോഗസ്ഥര്‍ക്കും സന്തോഷം

ENGLISH SUMMARY:

How are the duties of the policemen in the pathinettam padi