TOPICS COVERED

സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്‍റെ കരട് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. വിജ്ഞാപനപ്രകാരം തദ്ദേശ സ്ഥാപനങ്ങളിലാകെ 1510 വാർഡുകൾ അധികമായി ഉണ്ടാകും. വാർഡുവിഭജനം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം കെട്ടിടങ്ങളുടെയും നിലവിലുള്ള നമ്പരിലും മാറ്റം വരും. 

കരട് വിജ്ഞാപന പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളുടേയും മുനിസിപ്പാലിറ്റിയിൽ 128 വാർഡുകളുടേയും കോർപറേഷനിൽ 7വാർഡുകളുടേയും വർധന വന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലും ഡി ലിമിറ്റേഷന്‍ കമീഷന്‍റെ വെബ്സൈറ്റിലും കരട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ മൂന്നുവരെ അറിയിക്കാം.  പരാതികള്‍ നേരിട്ടോ റജിസ്റ്റേര്‍ഡ് തപാലിലോ അതാത് കലക്ടറേറ്റിലും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഓഫീസിലും സമര്‍പ്പിക്കാം. 

ഇതു പരിശോധിച്ച് കമ്മീഷണര്‍ നേരിട്ട് സിറ്റിങ് നടത്തിയശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. 2011 ലെ സെന്‍സസിലെ ജനസംഖ്യ, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സര്‍ക്കാര്‍ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വാര്‍ഡ് പുനര്‍ വിഭജനം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ ക്യൂ ഫീല്‍ഡ് ആപ് ഉപയോഗിച്ചാണ് വാര്‍ഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. വാർഡ് വിഭജനത്തോടെ നിലവിലെ വീട്ടുനമ്പരുകളിലടക്കം മാറ്റം വരും.അതായത് പുതിയ വാർഡിൽ പുതിയ വീട്ടുനമ്പരിലായിരിക്കും താമസമെന്നർഥം. 

ENGLISH SUMMARY:

Draft notification for delimitation of state panchayat, municipal and corporation wards has been published. According to the announcement, there will be an additional 1510 wards in the local bodies