ആലപ്പുഴ ആര്യാട് യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പരസ്ത്രീ ബന്ധം മൂലം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 7ന് സ്വാതി എന്ന യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ആര്യാട് സ്വദേശി സുമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുട്ടനാട്ടിലെ മങ്കൊമ്പ് സ്വദേശിയാണ് സ്വാതി. കഴിഞ്ഞ ഒക്ടോബർ 7 നാണ് ഭർത്താവ് സുമിത്തിന്റെ ആര്യാട് ഐക്യഭാരതം വായനശാലയ്ക്ക് സമീപമുള്ള വീട്ടിൽ സ്വാതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാതിയും ഭർത്താവും രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടിൽ താമസം.
രാവിലെ 7 മണിയോടെ സുമിത്ത് തന്നെയാണ് കിടപ്പുമുറിയുടെ സമീപത്തുള്ള മുറിയിൽ സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം തെളിവ് സഹിതം സ്വാതി കണ്ടെത്തിയിരുന്നു. ആ ബന്ധത്തിൻ്റെ പേരിൽ സ്വാതിയും സുമിത്തും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് സ്വാതിയുടെ ബന്ധുക്കൾ പറയുന്നു.
പല തവണ ബന്ധുക്കൾ ഇടപെട്ടെങ്കിലും സുമിത്ത് ആ ബന്ധം അവസാനിപ്പിക്കാൻ തയാറായില്ല. ഇതോടെ സ്വാതി കടുത്ത നിരാശയിലായിരുന്നതായും വീട്ടുകാർ പറയുന്നു. കെഎസ് ആർടിസി ആലപ്പുഴ ഡിപ്പോയിൽ എം പാനൽ ജീവനക്കാരനാണ് സുമിത്ത്.
ഇയാൾക്കെതിരെ സ്വാതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തിലാണ് സുമിത്തിനെ അറസ്റ്റ് ചെയ്തത്.