കുറുവാ സംഘം ഒളിവിൽ താമസിച്ച സ്ഥലത്തെ താമസക്കാരെ ഒഴിപ്പിക്കാൻ മരട് നഗരസഭ. കുണ്ടന്നൂർ പാലത്തിന് താഴെ താമസിക്കുന്നവർ രണ്ട് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന് നഗരസഭ നിർദേശം നൽകി. താമസക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നഗരസഭ രണ്ടുദിവസത്തെ സമയം അനുവദിച്ചത്
കൊച്ചി കുണ്ടന്നൂർ പാലത്തിൽ താഴെ ഷെഡ് കെട്ടി മുപ്പതോളം പേരാണ് താമസിച്ചിരുന്നത്. ഇവർക്കിടയിൽ നിന്നാണ് കുറുവാ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടിയത്. തുടർന്ന് ഇവിടെ ആളുകളെ താമസിപ്പിക്കാൻ അനുവദിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പാലത്തിൽ താഴെ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ മരട് നഗരസഭ ചെയർമാനും ഉദ്യോഗസ്ഥരും എത്തിയത്. ഉടൻ ഒഴിഞ്ഞു പോകാനായിരുന്നു നിർദേശം. എന്നാൽ ഇത് അംഗീകരിക്കാൻ താമസക്കാർ തയ്യാറായില്ല.
തുടർന്ന് ഒഴിഞ്ഞുപോകാൻ നഗരസഭ ഇവർക്ക് രണ്ടുദിവസത്തെ സമയം നൽകി കുറുവ സംഘത്തെ പിടിച്ചതിന് പിന്നാലെ പ്രദേശത്തുള്ള ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു പോയിരുന്നു. നിലവിൽ മൈസൂരുവിൽ നിന്നുള്ള കൊട്ടവഞ്ചിക്കാരും മീൻപിടുത്തക്കാരും മാത്രമാണ് ഇവിടെയുള്ളത്