നിക്ഷേപത്തട്ടിപ്പില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ സഹകരണസംഘം മുന്‍പ്രസിഡന്‍റിനെ റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി സഹകരണസംഘം പ്രസിഡന്‍റായിരുന്ന മുണ്ടേല മോഹനനാണ് മരിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംഘത്തില്‍ 34 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം.
കണ്ടലയ്ക്കും നേമത്തിനും ശേഷം തിരുവനന്തപുരം ജില്ലയില്‍ നടന്ന വലിയ അഴിമതിയെന്ന ആരോപണം നേരിടുന്നതാണ് മുണ്ടേല സഹകരണസംഘം. ഭരണസമിതി മുന്‍പ്രസിഡന്‍റും പ്രദേശിക കോണ്‍ഗ്രസ് നേതാവുമായ മോഹനകുമാരന്‍ നായര്‍ എന്ന മുണ്ടേലമോഹനനെ കേന്ദ്രീകരിച്ചാണ് ആരോപണങ്ങളത്രയും ഉയര്‍ന്നത് . വെള്ളറടയ്ക്ക് സമീപം കൊണ്ടകെട്ടി മലയോട് ചേര്‍ന്ന് അദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച റിസോര്‍ട്ടിലെത്തിയ മോഹനനെ ഇന്ന് രാവിലെ ജീവനക്കാരാണ് മേല്‍ക്കൂരയിലെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് സഹകരണസംഘം ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. പണം കിട്ടാതെ വന്നതോടെ ഇവിടെ നിക്ഷേപകര്‍ പ്രതിഷേധത്തിലാണ്
സഹകരണ റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 34 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങള്‍ ബെനാമി പേരില്‍ വായ്പയെടുത്ത് കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ഭരണസമിതിയെ പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏല്‍പ്പിക്കുകയും ചെയ്തു. മോഹനനെ രണ്ടാം പ്രതിയാക്കി 31 കേസുമെടുത്തതോടെയാണ് ഒളിവില്‍ പോയത്. തമിഴ്നാട്ടിലടക്കം ഒളിവില്‍ കഴിഞ്ഞ ശേഷം റിസോര്‍ട്ടിലെത്തി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.