ശക്തമായ ത്രികോണ മല്‍സരം നടന്ന പാലക്കാട് പൊലീസും എം.പിയും തമ്മില്‍ വാക്കേറ്റം. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസിന് ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് 73-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് പൊലീസുമായി എം.പി വി.കെ.ശ്രീകണ്ഠന്‍ കയര്‍ത്തത്. എം.പി ഉള്‍പ്പെടെയുള്ളവരോട് 100 മീറ്റര്‍ മാറി നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തര്‍ക്കം ആരംഭിച്ചത്.

നിയമം അറിയാമെന്നും അത് ഉണ്ടാക്കിയ ആള്‍ക്കാരാണ് തങ്ങളെന്നും, അത് പഠിപ്പിക്കാന്‍ നിലക്കേണ്ടെന്നും പൊലീസിനോട് എം.പി കയര്‍ത്തു. തൊട്ടാല്‍ വിവരം അറിയും. വേഷം തങ്ങളോട് കെട്ടൊന്നും വേണ്ടെന്നും എം.പി. ജനപ്രതിനിധികളാണ്, ആ ബഹുമാനം വച്ച് സംസാരിക്കണമെന്നും പൊലീസിനെ ഓര്‍മ്മിപ്പിച്ചു.

ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തിയാല്‍ ബൂത്ത് ഏജന്റ് ഒബ്ജക്ഷന്‍ ഉന്നയിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആറ് മണിവരെ ബൂത്തിന് പുറത്ത് തമ്പടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തുന്നില്ല എന്ന് കണ്ടതോടെ പിരിഞ്ഞുപോകുകയായിരുന്നു.

ഹരിദാസിന് പട്ടാമ്പിയിലും പാലക്കാട്ടുമായി ഇരട്ടവോട്ടുണ്ടെന്നായിരുന്നു ആരോപണം. അതേസമയം ആരോപണം തള്ളി ഹരിദാസും രംഗത്തെത്തി. താന്‍ കുറേക്കാലമായി പാലക്കാട് ബിജെപി ജില്ലാ ഓഫീസിലാണ് താമസിക്കുന്നതെന്നും അതിനാലാണ് വോട്ട് ഇവിടേയ്ക്ക് മാറ്റിയതെന്നുമായിരുന്നു ഹരിദാസിന്റെ പ്രതികരണം.  

ENGLISH SUMMARY:

VK Sreekandan MP against Kerala Police