ep-autobiography

‘കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്‍റെ ജീവിതം’ ഇ.പി.ജയരാജന്‍റെ യഥാര്‍ത്ഥ ആത്മകഥയോ വ്യാജമോ? ഈ ചോദ്യത്തിന് ഉത്തരം തേടി ഡി.സി ബുക്സിലെ ജീവനക്കാരുടെയും ആത്മകഥയെഴുതാന്‍ ഇ.പിയെ സഹായിച്ച പത്രപ്രവര്‍ത്തകന്‍റെയും മൊഴിയെടുത്ത് പൊലീസ്. പുറംലോകത്ത് പ്രചരിച്ച ആത്മകഥയിലെ ഭൂരിഭാഗം ഭാഗങ്ങളും ഇ.പിയുടെ ആത്മകഥയിലേത് തന്നെയെന്നാണ് പത്രപ്രവര്‍ത്തകന്‍റെ മൊഴി.

 

വിവാദമായ ഭാഗങ്ങളും  പൂര്‍ണമായി നിഷേധിച്ചില്ല. എങ്കിലും മറുപടികളില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ ഇ.പിയുടെ മൊഴിയെടുത്ത ശേഷം വീണ്ടും പത്രപ്രവര്‍ത്തകന്‍റെ മൊഴി രേഖപ്പെടുത്തും. കോട്ടയം എസ്.പി ഷാഹുല്‍ ഹമീദിന്‍റെ നേതൃത്വത്തിലെ സംഘം രണ്ട് തവണ ഇ.പിയുടെ സമയം തേടി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്‍പ് മൊഴി നല്‍കിയാല്‍ അത് വീണ്ടും വിവാദമാകുമെന്ന് വിലയിരുത്തിയ ഇ.പി വോട്ടെടുപ്പ് കഴിയും വരെ സാവകാശം തേടി. അതോടെയാണ് വോട്ടെണ്ണുന്ന ശനിയാഴ്ച കണ്ണൂരിലെത്തി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. 

അതിനിടെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കരാറില്ലെന്ന ഇ.പിയുടെ വാദം ഭാഗീകമായി ഡി.സി ബുക്സും ശരിവെച്ചു.  കരട് കരാര്‍ തയാറാക്കിയെങ്കിലും അന്തിമ കരാറില്‍ ഏര്‍പ്പിട്ടിട്ടില്ല. പ്രസിദ്ധീകരണത്തിന് തൊട്ടുമുന്‍പ് അന്തിമകരാറുണ്ടാക്കുന്നതാണ് പതിവെന്നുമാണ് ജീവനക്കാരുടെ മൊഴി. എന്നാല്‍ ചര്‍ച്ചയേയില്ലെന്ന ഇ.പിയുടെ വാദം ശരിയല്ലെന്നും മൊഴിയില്‍ പറയുന്നു. ചര്‍ച്ചയേക്കുറിച്ചും കരാറിനേക്കുറിച്ചും കൃത്യമായി അറിയാവുന്ന രവി ഡി.സിക്കാണ്. അദ്ദേഹം വിദേശത്ത് നിന്നെത്തിയ ശേഷം മൊഴിയെടുക്കും. 

ENGLISH SUMMARY:

E.P Jayarajan will be questioned on saturday in autobiography controversy.