മുകേഷും ജയസൂര്യയുമടക്കമുള്ള നടന്‍മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ആലുവ സ്വദേശിയായ നടിക്കെതിരെ സൈബര്‍ അറ്റാക്ക്. തനിക്കെതിരെയുള്ള കള്ള പോക്സോ കേസ് തെളിയിക്കാന്‍ ഗവണ്‍മെന്‍റിനു കഴിഞ്ഞില്ലെന്നും കേസില്‍ പൊലീസും സര്‍ക്കാരും സഹായിച്ചില്ലെന്നും പറഞ്ഞാണ് നടി പരാതി പിന്‍വലിക്കുമെന്ന് അറിയിച്ചത്.
എല്ലാ കേസുകളും പിന്‍വലിക്കുകയാണെന്ന് അറിയിച്ചതോടെയാണ് പണം വാങ്ങി കേസ് പിന്‍വലിച്ചതാകാമെന്ന ആരോപണവുമായി കമന്‍റ് ബോക്സില്‍ നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. വിചാരിച്ച പൈസ കിട്ടിക്കാണും, ഇപ്പോ വിശുദ്ധയായി, പണം കിട്ടി ബോധിച്ചു, കാര്യങ്ങളെല്ലാം കോടതിക്ക് പുറത്ത് സെറ്റിൽ ചെയ്തിട്ടുണ്ട്... ആർക്കും സംശയം ഒന്നും ഇല്ലല്ലോ? തുടങ്ങിയ കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടി പരാതി നൽകിയത്. കേസ് പിൻവലിക്കുന്നുവെന്ന് വ്യക്തമാക്കി ജി. പൂങ്കുഴലിക്ക് അടുത്ത ദിവസം കത്ത് നൽകുമെന്ന് നടി മനോരമ ന്യൂസിനോട് പറഞ്ഞു.
താന്‍ സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടിയാണ് മുന്നോട്ടുവന്നത്. ലക്ഷ്യം ഇനിയും ഒരു പെണ്‍കുട്ടികളോടും അഡ്ജസ്റ്റ്മെന്‍റ് ആരും ചോദിക്കരുത് എന്നാണ്. എന്നാല്‍ തനിക്കെതിരെയുള്ള കള്ള പോക്സോ കേസ് തെളിയിക്കാന്‍ ഗവണ്‍മെന്‍റിനു കഴിഞ്ഞില്ല. മീഡിയ പോലും മുന്‍പോട്ടു വന്നില്ല. അതുകൊണ്ട് എല്ലാ കേസുകളും പിന്‍വലിക്കുന്നു. കാരണം പോക്സോ കേസ് കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും ആ സ്ത്രീയെയോ അവളുടെ പിറകിലുള്ളവരെയോ പിടിക്കാന്‍ ശ്രമിക്കുന്നില്ല. അതുകൊണ്ട് താന്‍ എല്ലാത്തില്‍ നിന്നും സ്വയം പിന്‍മാറുന്നുവെന്നും നടി വ്യക്തമാക്കി.
‘പോക്സോ കേസില്‍ തന്നെ കുരുക്കി. ഒരു നടപടിയുമുണ്ടായില്ല. സാമൂഹികമാധ്യമങ്ങളിലും താങ്ങാനാകാത്ത അധിക്ഷേപമാണ്. അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ ഫോണ്‍ പോലും എടുക്കുന്നില്ല. തനിക്ക് രണ്ട് മക്കളുണ്ട്, ഇനി അവര്‍ക്കായി ജീവിക്കും’, നടി പറയുന്നു. സര്‍ക്കാര്‍ ഇങ്ങനെയെങ്കില്‍ ഇനി ഒരു സ്ത്രീയും പരാതി നല്‍കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.