മുനമ്പം കേസില്‍ ഫറൂഖ് കോളജിന്റെ വാദം തള്ളി മുന്‍ ഭൂവുടമ. ദാനമായല്ല, വഖഫായാണ് ഭൂമി നല്‍കിയതെന്ന് സിദ്ദിഖ് സേട്ടിന്‍റെ ബന്ധുക്കള്‍ ട്രൈബ്യൂണലില്‍ വ്യക്തമാക്കി. എന്നാല്‍ 1950ല്‍ ഭൂമി ദാനമായി നല്‍കിയതെന്ന് ആവര്‍ത്തിക്കുകയാണ് ഫറൂഖ് കോളജ് മാനേജ്മെന്റ്. ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തത് ഏകപക്ഷീയമായെന്നും വാദം. സിദ്ദിഖ് സേട്ടിന്റെ ബന്ധുക്കളും വഖഫ് സംരക്ഷണസമിതിയും കേസില്‍ കക്ഷിചേരും. മുനമ്പം കേസ് പരിഗണിക്കാനായി അടുത്തമാസം ആറിലേക്ക് മാറ്റി.
ഫാറൂഖ് കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് കോഴിക്കോട് ആസ്ഥനമായ ട്രൈബ്യൂണല്‍ പരിഗണിക്കുന്നത്. വഖഫ് ബോര്‍ഡ് 2019ല്‍ ഫാറൂഖ് കോളജ് മാനേജ്മെന്‍റ് വില്‍പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് റജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. സബ് രജിസ്ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫാറൂഖ് കോളേജ് മാനേജ്മെന്‍റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. വില്‍പന നടത്തിയത് ദാനമായി കിട്ടിയ ഭൂമിയാണെന്നാണ് ഫാറൂഖ് കോളജിന്‍റെ വാദം. ഫാറൂഖ് കോളജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണല്‍ തീരുമാനത്തിലെത്തുക.
അതേസമയം മുനമ്പം വിഷയത്തില്‍ ഉന്നതതലയോഗം ഇന്നു വൈകീട്ടു നടക്കും. യോഗത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് മുനമ്പം നിവാസികള്‍ പ്രതികരിച്ചു. ജനാധിപത്യ രീതിയില്‍ പരിഹാരം പ്രതീക്ഷിക്കുന്നവെന്നും പ്രദേശവാസികള്‍ പറഞ്ഞു. മുനമ്പത്തെ അനിശ്ചിതകാല റിലേ നിരാഹാരസമരം ഇന്ന് നാല്‍പത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഭൂമി തർക്കത്തിൽ സമവായ നിർദേശങ്ങൾ മുന്നോട്ടു വെക്കാൻ സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെയുള്ള കേസും ചർച്ച ചെയ്യും. ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നു സർക്കാർ വീണ്ടും ഉറപ്പ് നൽകും.