ഉന്നതതല യോഗത്തിലൂടെ മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമല്ല വേണ്ടത് എന്നാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിയമപരമായ പരിഹാരം മാത്രമാണ് പ്രശ്‌നത്തിനുള്ളത് എന്നതാണ് യാഥാർഥ്യം.
മുനമ്പത്തെ ഭൂമി വഖഫ് ബോർഡിന്‍റെ റജിസ്റ്ററിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ തീരുമാനമായിരുന്നില്ല. ഹൈക്കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് മുനമ്പത്തെ ഭൂമി വിഷയം വഖഫ് ബോർഡ് പരിശോധിക്കുകയും, തീരുമാനമെടുക്കുകയും ചെയ്തത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2022 ജനുവരിയിൽ ഭൂമി തങ്ങളുടെ അധീനതയിലുള്ളതാണെന്ന് കാട്ടി വഖഫ് ബോർഡ് കൊച്ചി തഹസിൽദാർക്ക് നോട്ടീസ് അയക്കുന്നത്. ഇതോടെ പ്രദേശവാസികൾക്ക് കരം അടയ്ക്കാൻ സാധിക്കാതെയായി.
സർക്കാർ ഇടപെട്ട് പ്രദേശവാസികളുടെ കരം സ്വീകരിക്കാൻ നിർദേശം നൽകി. എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കരം സ്വീകരിക്കുന്നത് നിർത്തിവെക്കേണ്ടി വന്നു. അതായത് നിലവിൽ പന്ത് സർക്കാരിന്റെ കോർട്ടിലല്ല. നിയമ പോരാട്ടം ഹൈക്കോടതിയിൽ തുടരുന്നുണ്ട്.
മുനമ്പം ഭൂമി പ്രശ്നത്തിന് എന്താണ് ശാശ്വത പരിഹാരം എന്ന് അന്വേഷിച്ചാൽ നിയമവൃത്തങ്ങൾ മൂന്ന് സാധ്യതകളാണ് പറയുന്നത്. ഒന്നുകിൽ വഖഫ് ബോർഡിന്‍റെ തീരുമാനം ട്രൈബ്യൂണൽ റദ്ദാക്കണം. അതല്ലെങ്കിൽ ഹൈക്കോടതിയിൽ നിന്നും പ്രദേശവാസികൾക്ക് അനുകൂലമായ ഉത്തരവ് ലഭിക്കണം.
Also Read; ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി കവര്‍ന്നത് രണ്ടേകാൽ കോടിയുടെ സ്വർണം
ഇതിനുമപ്പുറമുള്ള മാർഗം വഖഫ് നിയമ ഭേദഗതി മാത്രമാണ്. ഇതല്ലാതെ ഉദ്യോഗസ്ഥ തലത്തിലോ രാഷ്ട്രീയതലത്തിലോ എന്ത് ചർച്ച നടന്നാലും തൊലിപ്പുറത്തെ ചികിത്സ മാത്രമായി അവശേഷിക്കുമെന്നതാണ് യാഥാർഥ്യം.