മുനമ്പത്തെ ഭൂമി പ്രശ്നം പഠിക്കാന്‍ ജുഡീഷ്യല്‍  കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ  കമ്മിഷനായി നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് നിയമപരമായി നിലനില്‍ക്കുന്ന പരിഹാരം നിര്‍ദേശിക്കാനാണ് കമ്മിഷനോട്  ആവശ്യപ്പെട്ടിരിക്കുന്നത്. മുനമ്പത്തു നിന്ന് ആരെയും ഇറക്കിവിടില്ലെന്നും വഖഫ് ബോര്‍ഡിനോട് എല്ലാ നടപടികളും നിറുത്തിവെക്കാന്‍  പറഞ്ഞുവെന്നും നിയമമന്ത്രി പി.രാജീവ് അറിയിച്ചു.  

കുഴഞ്ഞു മറിഞ്ഞ മുനമ്പം ഭൂമിപ്രശ്നം പെട്ടെന്ന് പരിഹരിക്കുക എളുപ്പമല്ല. സര്‍ക്കാര്‍ മാത്രമായി തീരുമാനമെടുത്താല്‍ അതിന്‍റെ സ്വീകാര്യത കുറയും. മാത്രമല്ല അന്തിമ തീരുമാനമെടുക്കും മുന്‍പ് കുറച്ചു സമയം ലഭിക്കുക എന്നതും പ്രധാനമാണ്. ഇതിനെല്ലാമുള്ള ഒറ്റമൂലിയായാണ്  ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. മുനമ്പത്തെ ഭൂമിയുടെ രേഖകള്‍ കമ്മിഷന്‍പരിശോധിക്കും. കേസുകളുടെ സ്ഥിതിയും പരിശോധിച്ച ശേഷം സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കും. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരാണ് കമ്മിഷനായി നിയമിതനാകുക. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. 

കരം സ്വീകരിക്കുന്നതിനുള്ള തടസ്സം മാറ്റാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ നല്‍കും. മുനമ്പത്തു നിന്ന് താമസക്കാരെ ആരെയും ഒഴിപ്പിക്കില്ലെന്ന് നിയമ, റവന്യൂ മന്ത്രിമാര്‍ പറഞ്ഞു  വഖഫ് ബോര്‍ഡ് നോട്ടിസ് നല്‍കിയ 12 പേര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല. മുനമ്പത്തെ ഭൂമി സംബന്ധിച്ച് വഖഫ് ബോര്‍ഡ് മറ്റു നടപടികള്‍ സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.