ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള മുണ്ടക്കൈ ടൗൺഷിപ് പദ്ധതിയുടെ കരട് പട്ടികക്കെതിരെ ദുരന്ത ബാധിതരും ജനപ്രതിനിധികളും രംഗത്ത്. മുണ്ടക്കൈ ചൂരൽമല ഭാഗത്തെ ഒട്ടേറെയാളുകളെ പട്ടികയിലുൾപ്പെടുത്തിയില്ലെന്നാണ് പരാതി. പട്ടിക അംഗീകരിക്കില്ലെന്നാണ് ജനപ്രതിനിധികളുടെ നിലപാട്.
ദുരന്ത ബാധിതരുടെ പൂർണ പുനരധിവാസത്തിനു ടൗൺഷിപ്പ് ഒരുക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അതിനായുള്ള ഗുണഭോക്തൃ കരട് പട്ടികയെ ചൊല്ലിയാണ് നിലവിൽ പരാതി ഉയരുന്നത്. ജോൺ മത്തായി സമിതി റിപ്പോട്ടറിന്‍റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ പട്ടികയിൽ ഒട്ടേറെ ദുരന്തബാധിതർ ഉൾപ്പെട്ടില്ലെന്നാണ് പരാതി. ഉരുൾപൊട്ടി ഒലിച്ചുവന്ന മുണ്ടകൈ, ചൂരൽമല ഭാഗത്തെ 50 മീറ്ററുകൾക്കപ്പുറമുള്ള ദുരന്ത ബാധിതരെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം.
ദുരന്തത്തിൽ വീട് നഷ്ടപ്പെടുകയും വാസയോഗ്യമല്ലാതായിത്തീരുകയോ ചെയ്ത 983 കുടുംബങ്ങൾ വാടകവീടുകളിൽ കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കരട് പട്ടികയിൽ ഉൾപ്പെടുത്തിയത് 500 കുടുംബങ്ങളെ. പൂർണമായി തകർന്ന ചില വീടുകൾ പട്ടികയിലുൾപ്പെടുത്തിയില്ലെന്നും നിർമാണം നടന്നുകൊണ്ടിരുന്ന പല വീടുകളും പഞ്ചായത്തിന്‍റെ നമ്പർ കിട്ടിയില്ലെന്ന കാരണത്താൽ പട്ടികയിൽനിന്നു പുറത്തായെന്നും പരാതി. കരട് പട്ടിക അംഗീകരിക്കില്ലെന്നാണ് ജനപ്രതിനിധികളുടെ നിലപാട്
സർക്കാർ മാനദണ്ഡ പ്രകാരമാണ് പട്ടിക തയ്യാറാക്കിയതെന്നും ദുരന്ത ബാധിതരുടെ ആശങ്ക ജില്ലാ കലക്ടറെ രേഖാമൂലം അറിയിച്ചെന്നും മേപ്പാടി പഞ്ചായത്ത് സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു. ദുരന്ത ബാധിതരെ ഒരാളെയും ഒഴിവാക്കില്ലെന്നും സെക്രട്ടറി പറഞ്ഞു. അതേ സമയം 25ന് നടക്കുന്ന സർവകക്ഷിയോഗത്തിൽ വിഷയം ശക്തമായി ഉയർത്താനാണ് ജനപ്രതിനിധികളുടെ നീക്കം. എല്ലാ ദുരന്തബാധിതരെയും ഉൾപെടുത്തിയുള്ള പട്ടിക പരിഷ്കരണം ആവശ്യപ്പെടാനാണു നീക്കം.