TOPICS COVERED

പത്തനംതിട്ട ചുട്ടിപ്പാറയിലെ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ മൂന്ന് സഹപാഠികൾ റിമാൻഡിൽ. പത്തനാപുരം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ജാമ്യം നൽകിയാൽ പ്രതികൾ തെളിവ് നശിപ്പിക്കും എന്ന വാദം പരിഗണിച്ച് കോടതി പ്രതികളുടെ ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനിടെ എ ബി വി പി പ്രവർത്തകർ കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തി. 

അമ്മുവിനെ സഹപാഠികൾ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്ന കുടുംബത്തിൻറെ പരാതിയെ തുടർന്ന് ഇന്നലെ വൈകിട്ടാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. കാണാതായ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും ജാമ്യം നൽകിയാൽ പ്രതികൾ അന്വേഷണം തടസ്സപ്പെടുത്താൻ ഇടപെട്ടേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളുടെ മൊബൈൽ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. 22 വയസ്സ് എന്ന പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വക്കീൽ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.ഷിബു കുമാറിനെ കോടതിയിലേക്ക് വിളിച്ചുവരുത്തി കോടതി കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതികളെ 14 ദിവസം റിമാൻഡ് ചെയ്തു.

മകളെ കൂടുതല്‍ ഉപദ്രവിച്ചത് അലീന ദിലീപും അഞ്ജന മധുവുമാണെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അമ്മു സജീവിന്‍റെ പിതാവ് ടി.സജീവ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതികളെ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലേക്ക് മാറ്റി. ഇതിനിടെ പ്രതിഷേധം വിളികളുമായി എബിവിപി പ്രവർത്തകർ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്ത് നിന്ന് നീക്കി. നാളെ പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം. 

ENGLISH SUMMARY:

Three classmates remanded in death of Ammu Sajeev, a nursing student in Chuttipara, Pathanamthitta