anganwadi

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗന്‍വാടിയില്‍ വച്ച് വീണ കുട്ടിക്ക് ഗുരുതര പരുക്ക്. മൂന്നു വയസ്സുകാരി വൈഗയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൈഗയുടെ തലയോട്ടിക്കും നട്ടെല്ലിനും പരുക്കുണ്ട്. കുട്ടി വീണ വിവരം അംഗന്‍വാടി ടീച്ചര്‍ അറിയിച്ചിരുന്നില്ലെന്ന ആരോപണം പിതാവ് ഉന്നയിക്കുന്നു. വിളിച്ചു ചോദിച്ചപ്പോള്‍ മറന്നുപോയി എന്ന ന്യായമാണ് ടീച്ചര്‍ പറഞ്ഞതെന്ന് പിതാവ് മനോരമന്യൂസിനോട് പറഞ്ഞു. 

പോങ്ങുംമൂട് സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ് വൈഗ. കഴിഞ്ഞ ദിവസം അംഗന്‍വാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നതിനു ശേഷം എന്തു കഴിച്ചാലും കുട്ടി ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് രതീഷ് പറയുന്നു. രണ്ടു തവണ ഭക്ഷണം കൊടുത്തു. രണ്ടു തവണയും ഛര്‍ദ്ദിച്ചു. പാല് കൊടുത്തതും ഛര്‍ദ്ദിച്ചു. കിടക്കണമെന്ന് കുഞ്ഞ് പറഞ്ഞുകൊണ്ടിരുന്നു. നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു.

പിന്നീട് വൈഗയുടെ ഇരട്ടസഹോദരനാണ് കുട്ടി വീണ വിവരം പറഞ്ഞത്. നോക്കിയപ്പോള്‍ വൈഗയുടെ തല മുഴച്ചിരിക്കുന്നത് കണ്ടു. ഏകദേശം പകല്‍ 12.30ന് നടന്ന സംഭവമാണ്. പക്ഷേ ടീച്ചര്‍ അറിയിച്ചില്ല. വിളിച്ചു ചോദിച്ചപ്പോള്‍ മറന്നുപോയെന്ന് മറുപടി. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെവച്ച് സി.ടി സ്കാന്‍ ചെയ്തു. പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. 

അഞ്ചുമണിയോട് അടുത്താണ് ടീച്ചറെ വിളിച്ച് വിവരം തിരക്കിയതും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും. സി.ടി സ്കാന്‍ റിപ്പോര്‍ട്ടും മറ്റും കിട്ടി എസ്.എ.ടി ആശുപത്രിയില്‍ എത്തുമ്പോഴേക്കും രാത്രി ഒന്‍പത് മണിയായി. നിലവില്‍ അടിയന്തരമായി എംആര്‍ഐ സ്കാന്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ട്. കഴുത്തിന് പിന്നില്‍ ഗുരുതര പരുക്കുണ്ട് എന്നാണ് രതീഷ് പറഞ്ഞത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Three years old fall down and teacher failed to inform it to her parents. Child was sent to hospital hours later.