പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ച പിഎംഎ സലാമിനെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ്. സലാം പറഞ്ഞത് ലീഗ് നിലപാട് അല്ലെന്ന് പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. എന്നാൽ താൻ ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെ അല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നുമായിരുന്നു പി എം എ സലാമിന്റെ വിശദീകരണം.
ഇന്നലെ കുവൈത്തിൽ നടത്തിയ ഈ പരാമർശമാണ് പിഎംഎ സലാമിനും ലീഗിനും കുരുക്കായത്. പരാമർശത്തിന് പിന്നാലെ സമസ്തക്കുള്ളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ലീഗിനുള്ളിലും അതൃപ്തി പുകഞ്ഞതോടെയാണ് പി എം എ സലാമിനെ നേതൃത്വത്തിന് തള്ളി പറയേണ്ടി വന്നത്.
എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്നാണ് പി എം എ സലാമിന്റെ വാദം. ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെ അല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നുമാണ് വിശദീകരണം. നേതൃത്വം സലാമിനെ തള്ളിപ്പറഞ്ഞെങ്കിലും ലീഗിനെയും പാണക്കാട് തങ്ങളെയും ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തുന്ന സമസ്ത നേതാക്കൾക്ക് ഈ രീതിയിൽ എങ്കിലും മറുപടി നൽകണ്ടേ എന്നാണ് ലീഗിലെ വലിയൊരു വിഭാഗത്തിന്റെ ചോദ്യം. പാണക്കാട് തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനത്തിന് പിന്നാലെയുള്ള പി എം എ സലാമിന്റെ തിരിച്ചുള്ള പരിഹാസം, ലീഗ് - സമസ്ത പോര് ഉടൻ അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്.