sabarimala

ശബരിമലയില്‍ പതിനെട്ടാം പടിയില്‍ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാകുന്നു. സംഭവത്തിൽ സന്നിധാനം സ്‌പെഷ്യൽ ഓഫീസറോട് എഡിജിപി എസ്.ശ്രീജിത്ത് റിപ്പോർട്ട് തേടിയതായാണ് വിവരം. ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദത്തിലേക്ക് വഴിമാറി. 

വിഷയത്തില്‍ വിശ്വഹിന്ദു പരിഷത്ത് പൊലീസുകാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മേൽശാന്തി ഉൾപ്പെടെയുള്ളവർ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത്. പതിനെട്ടാംപടിയുടെ ആചാരം അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താൻ അയ്യപ്പ വിശ്വാസികളായ ആർക്കും കഴിയില്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം വിമര്‍ശിച്ചത്. 

പൊലീസ് ഉദ്യോസ്ഥർക്ക് ഇതിന് ഒത്താശ നൽകിയതിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ വ്യക്തമാക്കി. വിശ്വാസികൾ പരിപാവനമായി കരുതുന്ന പതിനെട്ടാം പടിയിലാണ് പൊലീസിന്‍റെ പേക്കൂത്തെന്ന വിമര്‍ശനത്തോടെ ചിത്രങ്ങള്‍ പലരും റീ–ഷെയര്‍ ചെയ്തതോടെ വിമര്‍ശനം കടുത്തു. ഇതോടെയാണ് എഡിജിപിയുടെ ഇടപെടല്‍.

ENGLISH SUMMARY:

A photo shoot of police officers from the 18th step at Sabarimala is creating controversy. In this regard, the ADGP S. Sreejith has sought a report from the special officer at the temple.