ഫയല്‍ ചിത്രം

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിൽ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചത്. ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരെ തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. പൂരാഘോഷം ചുരുക്കി ഒരാനപ്പുറത്ത് ശീവേലിപോലെ നടത്തേണ്ടിവരുമെന്ന് ദേവസ്വം സെക്രട്ടറി പ്രതികരിച്ചു. ജല്ലിക്കെട്ടിനെതിരെ എന്നപോലെ സര്‍ക്കാര്‍ ഇടപെടല്‍ വേണം, വിദഗ്ധരുമായി കോടതി സംസാരിക്കണം, ആചാരങ്ങള്‍ക്ക് ഇളവുകള്‍ നല്‍കണം ഗിരീഷ് കുമാര്‍ പറഞ്ഞു.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണം. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് പരിധി നിശ്ചയിച്ചത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ജില്ലാ കലക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആന എഴുന്നള്ളിപ്പ് തുടങ്ങിയ കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ആനകള്‍ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്നാണ് സുപ്രിംകോടതി വിധി. ദൂരപരിധി കുറയ്ക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിഗണിക്കാം. അതിനാവശ്യമായ വസ്തുതകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരൂവെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കില്ല. ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണം. ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ENGLISH SUMMARY:

The High Court has once again strengthened its stance on the elephant parade during festivals. The Court stated that the elephant procession is not an essential religious ritual. The three-meter distance between elephants was set considering the safety of the people. The Court also urged the Devaswoms to abandon their stubbornness.