നാളെ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ വിജയ പത്രം ഡല്‍ഹിയിലെത്തി കൈമാറി നേതാക്കള്‍. എംഎല്‍എമാരടങ്ങിയ സംഘവുമായി ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതാശ്വാസം സംബന്ധിച്ച് പ്രിയങ്കയും രാഹുലും ചര്‍ച്ച നടത്തി. പ്രിയങ്ക ഗാന്ധി സഭയിൽ ആദ്യം ഉന്നയിക്കുന്നതും ഈ വിഷയമാകും. ശനിയാഴ്ച മണ്ഡലത്തിലെത്തുന്ന പ്രിയങ്ക, യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച് തുടർ പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കും.
എം.എല്‍.എമാരായ ടി.സിദ്ദിഖ്, എ.പി.അനില്‍കുമാര്‍, പി.കെ.ബഷീര്‍, ഐസി ബാലകൃഷ്ണൻ എന്നിവരും വയനാട്, കോഴിക്കോട്, മലപ്പുറം ഡി.സി.സി. പ്രസിഡന്‍റുമാരും UDF തിരഞ്ഞെടുപ്പ് കമ്മറ്റി പ്രതിനിധികളുമടങ്ങിയ സംഘമാണ് പത്ത് ജന്‍പഥിലെത്തി പ്രിയങ്ക ഗാന്ധിക്ക് വിജയപത്രം കൈമാറിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും സംഘടന സെക്രട്ടറി കെ സി വേണുഗോപാലിന്‍റെയും സാന്നിധ്യത്തിൽ ആയിരുന്നു വിജയപത്രം കൈമാറൽ.വയനാട്ടിലെ വിജയപത്രം സ്നേഹത്തിൻറെയും വിശ്വാസത്തിൻറെയും മൂല്യങ്ങളുടെയും കൂടി പ്രതീകമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ശേഷം ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ കേന്ദ്രസഹായത്തെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. രാഹുല്‍ ഗാന്ധി നേരത്തെ പാര്‍ലമെന്‍റില്‍ ഉന്നയിച്ച വിഷയം പ്രിയങ്ക ഗാന്ധിയും സത്യപ്രതിജ്ഞയ്ക്കുശേഷം ആവർത്തിക്കുമെന്ന് കെ സി വേണുഗോപാൽ.
ദുരിതാശ്വാസ ഫണ്ട് നൽകാത്ത കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫ് രാജ്യതലസ്ഥാനത്ത് നടത്തുന്ന സമരത്തെയും കെ സി വേണുഗോപാൽ വിമർശിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലവിൽ മുന്നോട്ടുപോകുന്നത് സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ട് മാത്രമാണെന്ന് ടി സിദ്ദിഖ് എം എൽ എ. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച മണ്ഡലത്തിലെത്തുന്ന പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് നീക്കം.