പ്രതീകാത്മക ചിത്രം

TOPICS COVERED

തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ കുഴഞ്ഞുവീണിട്ടും കണ്ടഭാവം നടിക്കാതെയിരുന്ന ഇന്‍സ്‌പെക്ടര്‍ക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍. 35 വയസുകാരനായ സിവില്‍ പൊലീസ് ഓഫീസര്‍ ഷഫീഖ് കുഴഞ്ഞുവീണപ്പോള്‍ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാവാതെ ഇരുന്ന ഇന്‍സ്പെക്ടര്‍ക്ക് ഇനി എണീക്കാം. എസ്എച്ച്ഒ കെ.ജി കൃഷ്ണകുമാറിനെ ജില്ലാ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ സ്ഥലംമാറ്റി.

ഫയലുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഷഫീഖ്. അമിതജോലി ഭാരമാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. എസ്എച്ച്ഒ കസേരയില്‍ നിന്നെഴുന്നേറ്റില്ലെന്ന് മാത്രമല്ല, ഒന്ന് കാര്യം അന്വേഷിക്കാനോ ആശ്വസിപ്പിക്കാനോ പോലും തയ്യാറായില്ലെന്നാണ് വിവരം. എസ്ഐ ഡി. വൈശാഖനും ജിഡി ചാര്‍ജുള്ള പൊലീസുകാരനും മറ്റു സഹപ്രവര്‍ത്തകരും ശബ്ദം കേട്ട് ഓടിയെത്തി ഷഫീഖിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഷുഗര്‍നില കുറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസുകാരന്‍ കുഴഞ്ഞുവീണത്. ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കി ഇയാളെ വീട്ടിലെത്തിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇന്‍സ്പെക്ടറെ സ്ഥലംമാറ്റിയത്. ഗുരുവായൂര്‍ പൊലീസ് എസ്എച്ച്ഒ സി.പ്രേമാനന്ദക‍ൃഷ്ണന് പാവറട്ടി എസ്എച്ച്ഒയുടെ അധികചുമതല നല്‍കി. 

Punishment transfer to the inspector :

Punishment transfer to the inspector who did not help his fellow policeman in trouble at Thrissur Pavaratti police station.