ഒരിടവേളയ്ക്കു ശേഷം പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.  ഹൈക്കോടതി അനുമതിയോടെ, ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ച പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലും  ഭാര്യയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുകയാണ്. 

Read Also: ‘തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് വശത്താക്കി; കൊല്ലപ്പെടുമെന്ന് ഭയം’

മീൻകറിക്ക് പുളി ഇല്ലെന്നു പറഞ്ഞാണ് രാഹുൽ മർദിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു. ഞായറാഴ്ചയാണ് ആദ്യം മർദിച്ചത്. തിങ്കളാഴ്ച വീണ്ടും മർദിച്ചു. പരുക്കേറ്റതോടെ നീമയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം രാഹുൽ മുങ്ങുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ആദ്യം പരാതി നൽകാൻ ഭാര്യ തയാറായില്ല. എന്നാൽ പറവൂരിൽനിന്നു മാതാപിതാക്കൾ എത്തിയശേഷം പൊലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. 

മകള്‍ക്കുണ്ടായത് അതിക്രൂരമായ പീഡനമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മകളെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ പോലും ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. രാഹുല്‍ ക്രൂരമായാണ് മകളെ മര്‍ദിച്ചതെന്നും പിതാവ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം അയച്ചാല്‍ മകള്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ട്. മകള്‍ മാനസികമായി തകര്‍ന്ന നിലയിലാണ്. പരാതിയില്‍ ഉറച്ചുനില്‍ക്കും, കോടതി ഉത്തരവ് പുനഃപരിശോധിക്കണം. കേസുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു

മകളുടെ സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും രാഹുലിന്റെ വീട്ടിൽ പോയി എടുത്ത് തിരികെ പോന്നു. രാഹുൽ ക്രൂരനാണ്. ശവത്തിൽ കുത്തുന്നതു പോലെയാണ് പെരുമാറ്റം. മകളെ ഭീഷണിപ്പെടുത്തിയാണ് രാഹുൽ കൊണ്ടുപോയത്. തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് മകളെ വശത്താക്കി കസ്റ്റഡിയിലാക്കി

അതേസമയം, പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പൊലീസിനെ ആക്രമിച്ചതിലും രാഹുലിനെതിരെ കേസെടുത്തേക്കും. മർദനമേറ്റ് യുവതി ആശുപത്രിയിൽ ആയതിനെ തൊട്ടുപിന്നാലെ പാലാഴിയിലെ ഒരു വീട്ടിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് പ്രതി ബലം പ്രയോഗിച്ചത്

മദ്യലഹരിയിൽ പൊലീസിനെ മർദ്ദിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കൂടി കേസെടുക്കാനാണ് ആലോചന. കേസിൽ യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.

ENGLISH SUMMARY:

Pantheerankavu case: Father accuses Rahul of manipulating survivor, claims his mother denied her medical care