സീപ്ളെയിന്‍ പദ്ധതിയില്‍ ആദ്യം ലക്ഷ്യമിടുന്നത് ഡാമുകളിലെ ജലസംഭരണികൾ ഉപയോഗിച്ചുള്ള സര്‍വീസ് എന്ന് സര്‍ക്കാര്‍. മല്‍സ്യതൊഴിലാളികളുടെ പ്രതിഷേധം പരിഹരിച്ചാൽ മാത്രമേ കായല്‍ കേന്ദ്രീകരിച്ചുള്ള സര്‍വീസ് ആലോചിക്കൂവെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
സീപ്ളെയിനിന്‍റെ പരീക്ഷണപ്പറക്കലിന് ശേഷം സംസ്ഥാനത്ത് സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. സര്‍വീസ് നടത്താന്‍ താല്പര്യമുള്ള കമ്പനികള്‍ എത്തിയാല്‍ ടെന്‍ഡര്‍ വിളിക്കും. ഡാമുകളില്‍ നിന്നും ഡാമുകളിലേക്കും അവിടെ നിന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലേക്കുമാണ് ആദ്യഘട്ടത്തില്‍ സർവീസ് ആലോചിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ 'ഉഡാന്‍' പദ്ധതി പ്രകാരം സര്‍വീസിന് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സംസ്ഥാനം തയാറാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സീപ്ളെയിനോടുള്ള എതിര്‍പ്പ് കുറയുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.