ശബരിമലയില്‍ ദര്‍ശനത്തില്‍ പരാതികളില്ലാതെ പത്ത് ദിവസം കഴിഞ്ഞെങ്കിലും ശുചിത്വത്തിന്‍റെ കാര്യത്തില്‍ ആശങ്ക. നടപ്പന്തലിന് ചേര്‍ന്നാണ് അഴുക്കുചാല്‍. പലകെട്ടിടങ്ങളില്‍ നിന്ന് ശുചിമുറി വെള്ളം അടക്കം പുറത്തേക്കൊഴുകി കെട്ടിക്കിടക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ നിര്‍മിച്ചു നല്‍കിയ കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് ആക്രി സാധനങ്ങള്‍ തള്ളിയിരിക്കുകയാണ്.
അഴുക്കു ചാലിന് മുകളില്‍ നിന്ന് വെള്ളം വിതരണം ചെയ്യേണ്ടി വന്ന അവസ്ഥയാണ് താല്‍ക്കാലിക ജീവനക്കാര്‍ക്ക്. തൊട്ടടുത്ത കെട്ടിടങ്ങളിലെ ശുചിമുറിയിലെ വെള്ളം അടക്കം പുറത്തേക്കൊഴുകി അയ്യപ്പന്‍മാര്‍ക്ക് കാണാവുന്നിടങ്ങളും വൃത്തിഹീനം. നടപ്പന്തലിലെ മാലിന്യ നിക്ഷേപ പാത്രങ്ങളുടെ അവസ്ഥ കണ്ടാല്‍ അടുത്തേക്ക് പോകാന്‍ കഴിയില്ല. തീര്‍ഥാടകര്‍ക്കുവേണ്ടി ഹൈദരാബാദിലെ അയ്യപ്പ ഭക്തര്‍ നിര്‍മിച്ചു നല്‍കിയ മാംഗുണ്ട അയ്യപ്പ നിലയത്തിന്‍റെ ഒരുഭാഗം ആക്രി നിക്ഷേപ കേന്ദ്രമാണ്. അഴുക്കുപിടിച്ച വാഷ്ബേസിനുകളും എവിടെ നിന്നോ പൊളിച്ചെടുത്ത ക്ലോസറ്റുമടക്കം കൂട്ടിയിട്ടിരിക്കുന്നു. തകരസാധനങ്ങള്‍ വേറെയും.
കുറച്ചുകൂടി പിന്നിലുള്ള കെട്ടിടങ്ങളുടെ പരിസരം, ഭസ്മക്കുളത്തിന്‍റെ പരിസരപ്രദേശം, അരവണ പ്ലാന്‍റിന്‍റെ പരിസരം എന്നിവയെല്ലാം വൃത്തിഹീനമാണ്. ഹോട്ടലുകളുടെ മുന്നിലടക്കം വേസ്റ്റ് ബിന്നുകള്‍ നിറഞ്ഞുമറിഞ്ഞു കിടക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കൊച്ചുകുട്ടികളടക്കം മലിനമായ പ്രദേശങ്ങളില്‍ വിരി വച്ചിരിക്കുന്നത് കാണുമ്പോള്‍ മനമുരുകും.