കണ്ണൂരിലെ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതേസമയം കോടതിയുടെ മുന്നിലിരിക്കുന്ന വിഷയമായതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു മന്ത്രി കെ. രാജന്‍റെ പ്രതികരണം.എഡിഎമ്മിന്റ മരണത്തോടെ വിവാദമായ പെട്രോള്‍ പമ്പിന്റ അനുമതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയില്‍ വ്യക്തമാക്കി.
സിബിഐ അന്വേഷണം വേണമെന്ന നവീന്‍ബാബുവിന്‍രെ കുടുംബത്തിന്‍റെ ആവശ്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. നവീനിന്റ കുടുംബത്തിനൊപ്പമാണന്ന് ആവര്‍ത്തിക്കുമ്പോഴും അന്വേഷണത്തിന് സിബിഐ വേണ്ടെന്നായിരുന്നു എംവി ഗോവിന്ദന്‍റെ ഇന്നലത്തെ പ്രതികരണം. ഇന്നും അതുതന്നെ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാടും ഏറെക്കുറെ വ്യക്തം
കണ്ണൂരിലെ പെട്രോൾ പമ്പിന്‍റെ എൻ.ഒ.സി യുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് പരാതികൾ ലഭിച്ചിരുന്നതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം അതുകൊണ്ട് പരാതി സംസ്ഥാനത്തിന് കൈമാറി. പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികള്‍ ആണെന്നും ലോക്സഭയില്‍ അടൂര്‍ പ്രകാശിന് നല്‍കിയ മറുപടിയില്‍ സുരേഷ് ഗോപി പറഞ്ഞു