മുനമ്പത്തെ ഭൂമി പ്രശ്നം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഭൂമിയുടെ യഥാര്‍ഥ ഉടമകളുടെ അവകാശങ്ങളും താല്‍പര്യങ്ങളും എങ്ങിനെ സംരക്ഷിക്കാം എന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്യണമെന്ന് പരിഗണാ വിഷയത്തില്‍ പറയുന്നു. തീരുമാനം സ്വാഗതം ചെയ്യുന്നതായും റിലേ നിരാഹാര സമരം തുടരുമെന്നും സമരസമിതി പ്രതികരിച്ചു.
ജുഡീഷ്യല്‍ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കാത്തതു കൊണ്ടും നിയമന വിജ്ഞാപനം ഇറക്കാത്തതിനാലും പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ലെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഇന്നലെ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ഒടുവില്‍ വിജ്ഞാപനമിറങ്ങി. മുനമ്പത്തെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം നിര്‍ദേശിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്ത് ആറാം പക്കം. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഭൂമിയുടെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ കമ്മിഷന്‍ പരിശോധിക്കണം. ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും എങ്ങിനെ സംരക്ഷിക്കാം എന്ന് കമ്മിഷന്‍ ശുപാര്‍ശചെയ്യണം. അതിനായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളും കമ്മിഷന്‍ വ്യക്തമാക്കണം. കമ്മിഷന് നിയമനത്തെ ആദ്യം എതിര്‍ത്ത സമരസമിതി പക്ഷെ നിലപാട് മയപ്പെടുത്തി. പ്രതീക്ഷയുണ്ട്. പ്രതിഷേധം തുടരും. കമ്മിഷന് ആവശ്യമായ ഒാഫിസും മറ്റു സംവിധാനങ്ങളും സമയബന്ധിതമായി ഏര്‍പ്പെടുത്താന്‍ എറണാകുളം കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.