ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ വനിതാ ഫുട്ബോൾ താരം കോഴിക്കോട്ടെ കോളജ് ഹോസ്റ്റലില്‍ വച്ച് മരിച്ചത് മാനസിക പീഡനത്തെ തുടർന്നാണെന്ന പരാതിയുമായി കുടുംബം. മണ്ണഞ്ചേരി തെക്കേ വെളി ബാബുവിന്‍റെയും സിന്ധുവിന്‍റെയും മകൾ എസ്.ഗൗരിയാണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും സ്പോർട്സ് ഹോസ്റ്റലിലെ താമസക്കാരിയുമായ ഗൗരി ഒക്ടോബർ 17 നാണ് മരിച്ചത്. അണ്ടര്‍ 19 കേരള വനിതാ ടീമില്‍ കളിച്ചിട്ടുണ്ട് ഗൗരി. അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ നിരഞ്ജൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും ആലപ്പുഴ ജില്ലാ പൊലിസ് മേധാവിക്കും പരാതി നൽകി.
കണ്ണൂർ ജിവി രാജ സ്പോർട്സ് സ്കൂളിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ് കോഴിക്കോട് ദേവഗിരി കോളജിലാണ് ഡിഗ്രിക്ക് ചേർന്നത്. ഒക്ടോബർ 17 ന് രാത്രിയാണ് ഗൗരി വിഷക്കായ കഴിച്ച് ആശുപത്രിയിലാണെന്ന് കോച്ച് സഹോദരനെ വിളിച്ച് അറിയിക്കുന്നത്. സഹോദരൻ നിരഞ്ജനും ബന്ധുവും പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ ഗൗരി മരിച്ചിരുന്നു. എതാനും കുട്ടികളുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് സഹോദരനും അമ്മയും പറയുന്നു.
പൂജ അവധിക്കുശേഷം ഹോസ്റ്റലിലേക്ക് മടങ്ങുന്നതിന്‍റെ തലേന്ന് ഗൗരി പുതിയ ബൂട്ട് വാങ്ങിയിരുന്നു. അവധിക്ക് വന്നപ്പോൾ ഹോസ്റ്റലിൽ ഒന്നിച്ചു താമസിക്കുന്ന ടീം അംഗങ്ങളുമായി ചില പ്രശ്നങ്ങൾ ഉള്ളതായി അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു. ഗൗരിയെ തൊട്ടടുത്തുള്ള കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാതെ എട്ടു കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഗൗരിയുടെ മരണശേഷം കോളജ് അധികൃതരോ ടീം മാനേജ്മെന്‍റോ ഒരു കാര്യവും അന്വേഷിച്ചില്ലെന്നും കുടുംബം പറയുന്നു.
ഫുട്ബോളിനെയും വീട്ടുകാരെയും ഒരുപോലെ സ്നേഹിച്ചിരുന്ന ഗൗരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാർ ഉറപ്പിച്ചു പറയുന്നുണ്ട്. ഗൗരിയെ മരണത്തിലേക്ക് തള്ളിവിട്ടവരെക്കുറിച്ച് അന്വേഷണം നടത്തണണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.