ഡിഎഫ്ഒ

ഡിഎഫ്ഒ

പശുവിനെ തിരഞ്ഞുപോയി വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി. മൂന്നുപേരും സുരക്ഷിതരെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. കാട്ടിനകത്ത് ആറുകിലോമീറ്റര്‍ ഉള്ളിലാണ് മൂന്നുപേരെയും കണ്ടെത്തിയത്. ഉള്‍ക്കാടായതിനാല്‍ വാഹനം കൊണ്ടുപോകാനാകില്ല. അതിനാല്‍ മൂന്നുപേരെയും കാല്‍നടയായി തിരിച്ചെത്തിക്കും. രണ്ടോ മൂന്നോ മണിക്കൂറിനകം തിരിച്ചെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 14 മണിക്കൂര്‍ പിന്നിട്ട തിരച്ചിലിന് ശേഷമാണ് മൂന്നുപേരെയും കണ്ടെത്തിയത്. മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ളി സ്റ്റീഫന്‍ എന്നിവരാണ് കാണാതായ പശുവിനെ തിരഞ്ഞുപോയത്.

 

ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. പിന്നാലെ ഇന്നലെ ഉച്ചയോടെ മൂന്നുപേരും ചേര്‍ന്ന് തിരച്ചിലിന് ഇറങ്ങുകയായിരുന്നു. കോതമംഗലം കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലാണ് മൂവരെയും കാണാതെയായത്. ഇന്നലെ വൈകിട്ട് 4.45നാണ് കാണാതായവര്‍ ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത്. ആനക്കൂട്ടത്തെ കണ്ടെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും മായ വീട്ടിലേക്ക് വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഫോണിലെ ചാര്‍ജ് തീരാറായെന്നും മായ ബന്ധുവിനോട് പറഞ്ഞു. പിന്നീട് മൊബൈല്‍ സ്വിച്ച് ഒാഫായി. 

നാട്ടുകാരും പൊലീസും വനംവകുപ്പും അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍ നടത്തിയത്. മൂന്നുസ്ത്രീകളും കാട് അറിയാവുന്നവരാണെന്നതായിരുന്നു ആശ്വാസം. ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.

ENGLISH SUMMARY:

The women who went missing in the forest while searching for a cow have been found. All three are safe, according to the DFO. They were located six kilometers inside the forest. Since it is a dense forest, vehicles cannot reach the spot, so the women will be brought back on foot. It is expected that they will return within two to three hours. The search lasted 14 hours before the women were found. The missing individuals were identified as Maya Jayan, Parukkutty, and Darly Stephen, who had ventured into the forest in search of the cow.