ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാരൻ ആത്മഹത്യ ചെയ്തതിൽ ട്രാക്കോ കേബിൾ മാനേജ്മെന്റിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഇരുമ്പനം, തിരുവല്ല യൂണിറ്റുകളിൽ ജീവനക്കാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ശമ്പളം ലഭിക്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഉണ്ണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും
കഴിഞ്ഞ 11 മാസമായി പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട്. ജീവനക്കാരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സർക്കാർ പരിഹാര മാർഗം കണ്ടെത്തിയത്. ഇരുമ്പനത്തെ 36 ഏക്കർ ഭൂമി ഇൻഫോ പാർക്കിന് കൈമാറി സാമ്പത്തിക പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്നായിരുന്നു പദ്ധതി. ഇരുമ്പനത്തെ ജീവനക്കാർക്ക് തിരുവല്ലയിലെയോ, പിണറായിയിലെയോ യൂണിറ്റുമായി ലയിക്കാം അല്ലെങ്കിൽ സ്വയം വിരമിക്കാമെന്നും ജീവനക്കാർക്ക് പാക്കേജ് പ്രഖ്യാപിച്ചു.
പാക്കേജ് പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അനക്കമില്ല. ജീവനക്കാരുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലായി. ട്രാക്കോയിലെ ജീവനക്കാരനായിരുന്ന ഉണ്ണി യുടെ ആത്മഹത്യയിലും പ്രതിഷേധം കടുപ്പിക്കുകയാണ്. ഇരുമ്പനത്തെ മെയിൻ യൂണിറ്റിലേക്കും, തിരുവല്ല യൂണിറ്റിലും INTUC പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.