കൊച്ചിയില്‍ പുലര്‍ച്ചെ നടന്ന തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഗോഡൗണിന് സമീപത്തെ താമസക്കാരനായ അജിത്ത്. തീപിടിത്തം നടന്ന സമയത്ത് വീട്ടില്‍ അജിത്തും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. തീ കണ്ട പാടെ താന്‍ അമ്മയെയും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് അജിത്ത് പറയുന്നു. Also Read: കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വന്‍ തീപിടിത്തം; പൊട്ടിത്തെറി...


 'എന്‍റെ വീടാണ് കത്തിയത്. ഭയങ്കര സ്ഫോടനശബ്ദം വന്നു. ശബ്ദം കേട്ടാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ അപ്പോള്‍ കിടന്നതേയുളളു. ശബ്ദം കേട്ടപ്പോള്‍ വണ്ടി വല്ലതും മുട്ടിയതായിരിക്കുമെന്ന് കരുതി പുറത്തിറങ്ങി നോക്കിയപ്പോള്‍ വീടിന്‍റെ പിന്‍വശത്ത് തീകത്തുന്നു. അപ്പോള്‍ തന്നെ ഞാന്‍ അമ്മയെയും വിളിച്ചുകൊണ്ട് ഓടി. ഉടന്‍ ഫയര്‍ ഫോഴ്സിനെ വിളിച്ചു. കത്തിയത് ഗോഡൗണും ഞങ്ങളുടെ വീടുമാണ്' തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ട അജിത്ത് പറയുന്നതിങ്ങനെ.അജിത്തിന്‍റെ വീട് പൂര്‍ണമായും തീയെടുത്തു. തീപിടുത്തത്തില്‍ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നാശനഷ്ടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപടര്‍ന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും ഗോഡൗണിനു സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചതാണ് വന്‍ അപടസാധ്യത ഇല്ലാതാക്കിയത്. ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. സൗത്ത് റയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള നിർത്തിവച്ച ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു. തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമന സേന അറിയിച്ചു. പൊലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും അടിയന്തര ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.