കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. അങ്കണവാടി, പ്രഫഷനല്‍ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകം. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്കി. ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. നാളെ  എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് മഴ കനക്കുന്നത്.  

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്് നല്കുന്നു. ജലാശങ്ങളില്‍ ഇറങ്ങുന്നതും കടല്‍ത്തീര വിനോദ സഞ്ചാരവും വിലക്കി. തിരുവനന്തപുരം കോവളം തീരത്ത് ശക്തമായ തിരയടിയുളളതിനാല്‍ കടലില്‍ ഇറങ്ങുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കി. കേരളതീരത്ത് നാലാം തീയതി വരെയും ലക്ഷദ്വീപ് തീരത്ത് അ‍ഞ്ചാം തീയതി വരെയും മല്‍സ്യബന്ധനം വിലക്കി

ENGLISH SUMMARY:

Kerala rain: Holiday for all educational institutions in 4 districts tomorrow