വിലക്കു മറികടന്നും ശബരിമലയിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരുന്നവരുടെ എണ്ണം കൂടുന്നു. പൂജാ സാധനങ്ങളാണ് കൂടുതലും പ്ലാസ്റ്റിക് കവറുകളിലാക്കി കൊണ്ടു വരുന്നത്. പൂങ്കാവനത്തെ നശിപ്പിക്കുന്നതിനു തുല്യമാണ് പ്ലാസ്റ്റിക് ശബരിമലിയിലേക്ക് കൊണ്ടു വരുന്നതെന്നു തന്ത്രി കണ്ഠര് രാജീവരര്.
പ്ലാസ്റ്റിക്കിനു സമ്പൂര്‍ണ വിലക്കുള്ള സ്ഥലമാണ് ശബരിമല. എന്നാല്‍ ഒരു ദിവസം 15 കിലോ മുതല്‍ 25 കിലോ വരെയുള്ള പ്ലാസ്റ്റിക്കാണ് ഇപ്പോഴും ശബരിമലയില്‍ നിന്നും ശേഖരിക്കുന്നത്. വന്‍തോതില്‍ പ്ലാസ്റ്റിക് എത്തുന്നത് കാട് നശിക്കുന്നതിനു കാരണമാകുമെന്നു റിപ്പോര്‍ടുണ്ടായിരുന്നു. മാത്രമല്ല വനത്തില്‍ ജീവിക്കുന്ന മൃഗങ്ങളുടെ വയറ്റിലേക്ക് പ്ലാസ്റ്റിക് പോകുന്നതും ഇവയുടെ മരണത്തിനു കാരണമാകുന്നു. ഇതെല്ലാം കണ്ടാണ് പ്ലാസ്റ്റിക് ശബരിമലയിലേക്ക് കൊണ്ടു വരുന്നതിനു കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്കെല്ലാം മറികടന്നാണ് പ്ലാസ്റ്റിക് കവറിലുള്ള പൂജാസാധനങ്ങള്‍ ശബരിമലയിലേക്ക് കൊണ്ടു വരുന്നത്. പമ്പയില്‍വെച്ച് തന്നെ ഇരുമുടിക്കെട്ട് പരിശോധിക്കാനും സാധിക്കില്ല. ഇനിയും പ്ലാസ്റ്റിക് സന്നിധാനത്തേക്ക് കൊണ്ടു വന്നാല്‍ വനം തന്നെ ഇല്ലാതാകുന്നതിനു കാരണമാകുമെന്നാണ് തന്ത്രിയുടെ മുന്നറിയിപ്പ്.
തീര്‍ഥാടനകാലം 14 ദിവസം പിന്നിടുമ്പോള്‍ ഇത്രയും പ്ലാസ്റ്റിക് എത്തിയെങ്കില്‍ തിരക്ക് കൂടുന്ന സമയമെത്തുമ്പോഴേക്കുമുള്ള അവസ്ഥ ആലോചിക്കാവുന്നതേയുള്ളു. ഭക്തര്‍ പ്ലാസ്റ്റിക് കൊണ്ടു വരുന്നത് സ്വയം നിയന്ത്രിച്ചാലെ പൂങ്കാവനം സംരക്ഷിക്കാന്‍ കഴിയൂ എന്നു ഓര്‍ക്കുക